അനന്തപുരം ക്ഷേത്രത്തിലെ അത്ഭുത മുതല ബബിയ മരിച്ചു

അനന്തപുരം ക്ഷേത്രത്തിലെ അത്ഭുത മുതല ബബിയ മരിച്ചു


കാസറഗോഡ് കുമ്പളയ്ക്കടുത്തുള്ള അനന്തപുരം ക്ഷേത്രത്തിലെ അത്ഭുത മുതല ബബിയ മരിച്ചു. ഇന്നലെ രാത്രിയാണ് മുതലയുടെ മരണം സംഭവിച്ചത്. കേരളത്തിലെ ഏക തടാക ക്ഷേത്രമായ അനന്തപുരം അനന്തപത്മനാഭസ്വാമി ക്ഷേത്രത്തിലെ ബബിയ എന്ന മുതല ഭക്തർക്ക് അത്ഭുതമായിരുന്നു . 75 വയസിലേറെ പ്രായമുണ്ട്.
1945ൽ ക്ഷേത്രത്തിലുണ്ടായിരുന്ന ഒരു മുതലയെ ബ്രിട്ടിഷ് സൈനികൻ വെടിവച്ചുകൊന്നെന്നും ദിവസങ്ങൾക്കുള്ളിൽ ബബിയ ക്ഷേത്രക്കുളത്തിൽ പ്രത്യക്ഷപ്പെട്ടെന്നുമാണ് വിശ്വാസം. പൂർണമായും സസ്യാഹാരിയാണ് ബബിയ. രാവിലെയും ഉച്ചയ്ക്കുമുള്ള പൂജകൾക്കുശേഷം നൽകുന്ന നിവേദ്യമാണ് ബബിയയുടെ ആഹാരം. തിരുവനന്തപുരത്തെ ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിൻറെ മൂലസ്ഥാനമാണ് അനന്തപത്മനാഭ സ്വാമി ക്ഷേത്രമെന്നാണ് ഐതിഹ്യം.
മുതലയ്ക്കു നിവേദ്യം ഇവിടെ പ്രധാന വഴിപാടാണ്. ഇഷ്ടകാര്യ സാധ്യത്തിനാണ് ഭക്തർ വഴിപാട് നടത്താറുളളത്. നിവേദ്യം പൂജാരി കുളത്തിലെത്തി കൊടുക്കും. അനുസരണയോടെ കുളത്തിൽ നിന്നും പൊങ്ങി വന്ന് ഭക്ഷണം കഴിക്കുന്ന ബബിയ എല്ലാവർക്കും വിസ്മയമായിരുന്നു