വീണ്ടും സര്‍ക്കാരിന് മുന്നില്‍ കൈനീട്ടി കെഎസ്ആര്‍ടിസി; 65 കോടി വേണം ശമ്പളം നല്‍കാന്‍

വീണ്ടും സര്‍ക്കാരിന് മുന്നില്‍ കൈനീട്ടി കെഎസ്ആര്‍ടിസി; 65 കോടി വേണം ശമ്പളം നല്‍കാന്‍

തിരുവനന്തപുരം: ശമ്പള പ്രതിസന്ധി പരിഹരിക്കാന്‍ സര്‍ക്കാരിനോട് വീണ്ടും സഹായമഭ്യര്‍ത്ഥിച്ച് കെഎസ്ആര്‍ടിസി. ഏപ്രില്‍ മാസത്തെ ശമ്പള വിതരണത്തിന് 65 കോടി രൂപയുടെ സഹായം അഭ്യര്‍ത്ഥിച്ചാണ് ഗതാഗത വകുപ്പ് സര്‍ക്കാരിനെ സമീപിച്ചത്. 82 കോടി ഏപ്രില്‍ മാസത്തെ ശമ്പള വിതരണത്തിന് ആവശ്യമെന്നിരിക്കെയാണ് 65 കോടിയും സര്‍ക്കാരില്‍ നിന്നും തേടുന്നത്. മാര്‍ച്ച് മാസത്തെ ശമ്പള വിതരണത്തിനായി സര്‍ക്കാര്‍ 30 കോടി രൂപ അനുവദിച്ചിരുന്നു. കെഎസ്ആര്‍ടിസിയെ സംരക്ഷിക്കാന്‍ പരിധിയില്‍ അപ്പുറം ഇടപെടാന്‍ സര്‍ക്കാരിനാവില്ലെന്ന് നേരത്തെ മന്ത്രിമാര്‍ തന്നെ അറിയിച്ച സാഹചര്യം നിലനില്‍ക്കുന്നുണ്ട്. എല്ലാക്കാലവും കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാന്‍ സര്‍ക്കാരിന് ആകില്ലെന്നും പൊതുമേഖലാ സ്ഥാപനങ്ങള്‍ ശമ്പളം നല്‍കുന്നതിനുള്‍പ്പെടെയുള്ള വരുമാനം സ്വയം കണ്ടെത്തണമെന്നായിരുന്നു ഗതാഗത മന്ത്രി ആന്റണി രാജുവിന്റെ പരാമര്‍ശം. ഇതിന് പിന്തുണ പ്രഖ്യാപിച്ച് ധനമന്ത്രി കെ എന്‍ ബാലഗോപാലും രംഗത്ത് എത്തിയിരുന്നു. എന്നാല്‍ എന്തൊക്കെ പ്രതിസന്ധിയുണ്ടായാലും തൊഴിലാളി യൂണിയനുകളുണ്ടാക്കിയ കരാറില്‍ പറയുന്ന തരത്തില്‍ എല്ലാ മാസവും അഞ്ചാം തിയ്യതിക്ക് മുമ്പ് ശമ്പളം നല്‍കണമെന്ന നിലപാടിലാണ് ജീവനക്കാര്‍. കെഎസ്ആര്‍ടിസി സേവന മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണ്. മറ്റ് പൊതുമേഖല സ്ഥാപനം പോലെ ലാഭം നോക്കിയല്ല പ്രവര്‍ത്തിക്കുന്നതെന്നാണ് സിഐടിയു ഉള്‍പ്പെടെയുള്ള സംഘടനകളുടെ നിലപാട്.