കരിങ്കൊടി വീശി ദീപ; പകച്ച് പോയി മന്ത്രി റിയാസ്; മഹിളാ കോണ്‍ഗ്രസ് നേതാവ് പൊളിച്ചു
കിളിമാനൂര്‍ (തിരുവനന്തപുരം): വയനാട്ടില്‍ രാഹുല്‍ ഗാന്ധിയുടെ എംപി ഓഫിസ് എസ്എഫ്‌ഐക്കാര്‍ അടിച്ചു തകര്‍ത്ത സംഭവത്തില്‍ പ്രതിഷേധിച്ച് മന്ത്രി പി.എ. മുഹമ്മദ് റിയാസിന് നേരെ ഒറ്റയ്ക്ക് കരിങ്കൊടി വീശി മഹിള കോണ്‍ഗ്രസ് നേതാവ്. പുനര്‍നിര്‍മിച്ച കിളിമാനൂര്‍ കൊച്ചു പാലത്തിന്റെ ഉദ്ഘാടനത്തിന് എത്തിയപ്പോഴാണ് മഹിള കോണ്‍ഗ്രസ് ജില്ല വൈസ് പ്രസിഡന്റ് ദീപ അനില്‍ കരിങ്കൊടി വീശി മന്ത്രിയെയും പൊലീസിനെയും ഞെട്ടിച്ചത്. മന്ത്രിക്കൊപ്പം വനിതാ പൊലീസ് ഇല്ലാത്തതിനാല്‍ ഏറെ സമയം കഴിഞ്ഞാണ് ദീപയെ അറസ്റ്റ് ചെയ്ത് നീക്കിയത്. ഈ സമയം വരെ മന്ത്രിക്കു മുന്നില്‍ കരിങ്കൊടി വീശി ദീപ പ്രതിഷേധിച്ചു. മന്ത്രിക്ക് നേരെ കരിങ്കൊടി പ്രതിഷേധമുണ്ടാകുമെന്ന് പൊലീസിന് വിവരം ലഭിച്ചിരുന്നില്ല. ഉദ്ഘാടനത്തിനെത്തിയ മന്ത്രിയുടെ മുന്നിലേക്ക് ദീപ കരിങ്കൊടിയുമായി എത്തുകയായിരുന്നു. കസ്റ്റഡിയില്‍ എടുക്കാന്‍ ശ്രമിക്കവേ പുരുഷ പൊലീസ് എന്നെ തൊട്ടു പോകരുതെന്നും വനിതാ പൊലീസ് വേണമെന്നും ദീപ അനില്‍ പറഞ്ഞതോടെ പൊലീസ് വെട്ടിലായി. ഒടുവില്‍ ആറ്റിങ്ങല്‍ ഡിവൈഎസ്പി ബലമായി ഓട്ടോയില്‍ കയറ്റിക്കൊണ്ടു പോയ ശേഷമാണ് ഉദ്ഘാടനം നടന്നത്. തുടര്‍ന്ന് ദീപയുടെ അറസ്റ്റ് രേഖപ്പെടുത്തി ജാമ്യത്തില്‍ വിട്ടു. എന്നാല്‍ പൊലീസും ഡിവൈഎഫ്‌ഐക്കാരും ചേര്‍ന്ന് തന്നെ മര്‍ദിച്ചെന്നും നട്ടെല്ലിനു ക്ഷതം ഏറ്റതായും ദീപ അനില്‍ പറഞ്ഞു