സുധാകരന്‍-സതീശന്‍ തന്ത്രത്തില്‍ സിപിഎം വലയുന്നു; തൃക്കാക്കരയില്‍ സ്ഥാനാര്‍ത്ഥിയില്ലാതെ എല്‍ഡിഎഫ് 

സുധാകരന്‍-സതീശന്‍ തന്ത്രത്തില്‍ സിപിഎം വലയുന്നു; തൃക്കാക്കരയില്‍ സ്ഥാനാര്‍ത്ഥിയില്ലാതെ എല്‍ഡിഎഫ് 

കൊച്ചി: എല്‍ഡിഎഫ് എറണാകുളം ജില്ലാ നേതൃത്വയോഗം അവസാനിച്ചെങ്കിലും തൃക്കാക്കര സ്ഥാനാര്‍ത്ഥിയെ സംബന്ധിച്ച് അന്തിമ തീരുമാനമായില്ല. പതിവ് രീതിയില്‍ ആദ്യം സിപിഎം സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കാറാണ് പതിവ്. പിന്നീട് ഏറെ തര്‍ക്കങ്ങള്‍ക്കും അനശ്ചിതത്വങ്ങള്‍ക്കുമൊടുവില്‍ കോണ്‍ഗ്രസും സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കും. എന്നാല്‍ തൃക്കാക്കരയില്‍ കാര്യങ്ങള്‍ നേരെ തിരിച്ചാണ് നടക്കുന്നത്. ഉമ തോമസിനെ മുന്നില്‍ കണ്ട് കോണ്‍ഗ്രസ് നേതൃത്വം ആദ്യം അവരുടെ സമ്മതം വാങ്ങി. പിന്നീട് എറണാകുളം ഡിസിസിയില്‍ ചര്‍ച്ച ചെയ്ത് ഉമയെ കെപിസിസിയുടെ അനുമതിയ്ക്കായി നിര്‍ദ്ദേശിച്ചു. അവിടെ നിന്ന് ഹൈക്കമാന്‍ഡ് അനുമതി വാങ്ങി ഉമയെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചു. എന്നാല്‍ എല്‍ഡിഎഫില്‍ സ്ഥാനാര്‍ത്ഥിയുടെ കാര്യത്തില്‍ ഇതുവരെ അന്തിമ തീരുമാനമായില്ല. ഡിവൈഎഫ്‌ഐ നേതാവ് അരുണ്‍കുമാറിന്റെ പേര് ആദ്യം ഉയര്‍ന്ന് കേട്ടെങ്കിലും അന്തിമതീരുമാനമായില്ലെന്ന് ആവര്‍ത്തിക്കുകയായിരുന്നു മന്ത്രി രാജീവും കണ്‍വീനര്‍ ഇപി ജയരാജനും. ഇതിന് പിന്നാലെയാണ് ഇന്ന് എല്‍ഡിഎഫ് നേതൃയോഗം എറണാകുളം സിപിഎം ജില്ലാ ആസ്ഥാനമായ ലെനിന്‍ സെന്ററില്‍ ചേര്‍ന്നത്. സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കുമെന്ന് അറിയിച്ചുവെങ്കിലും തീരുമാനം അറിയിക്കാതെ പിരിയുകയായിരുന്നു. ഉമ തോമസ് യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി വന്നതോടെ ജയപ്രതീക്ഷ അസ്തമിച്ച മട്ടിലാണ് എല്‍ഡിഎഫ് ക്യാംപ്. കോണ്‍ഗ്രസില്‍ സുധാകരന്‍ -സതീശന്‍ ടീം ഒത്തൊരുമയോടെ പ്രവര്‍ത്തിക്കുന്നതിന്റെ ആവേശത്തിലാണ് അണികളും. രണ്ട് ദിവസംകൊണ്ട് ഉമ തോമസ് പ്രചാരണത്തില്‍ ബഹുദൂരം മുന്നിലെത്തിയത് സിപിഎമ്മിന്റെ അണികളിലും ആത്മവിശ്വാസം കെടുത്തി കഴിഞ്ഞു.