പണം മുടക്കിയെങ്കില്‍ സഹിച്ചോ; സില്‍വര്‍ലൈനില്‍ കേരളത്തെ തള്ളി കേന്ദ്രസര്‍ക്കാര്‍

പണം മുടക്കിയെങ്കില്‍ സഹിച്ചോ; സില്‍വര്‍ലൈനില്‍ കേരളത്തെ തള്ളി കേന്ദ്രസര്‍ക്കാര്‍


സംസ്ഥാന സര്‍ക്കാരിന്റെ പദ്ധതിയായ സില്‍വര്‍ ലൈനിനെ തള്ളി വീണ്ടും കേന്ദ്ര സര്‍ക്കാര്‍. കേരള ഹൈക്കോടതിയില്‍ കേന്ദ്ര റെയില്‍വെ മന്ത്രാലയത്തിന് വേണ്ടി സമര്‍പ്പിച്ച മറുപടിയിലാണ് അസിസ്റ്റന്റ് സോളിസിറ്റര്‍ ജനറല്‍ പദ്ധതിക്കെതിരായ കേന്ദ്ര സര്‍ക്കാര്‍ നിലപാട് വിശദീകരിച്ചത്. സില്‍വര്‍ ലൈന്‍ പദ്ധതിക്കായി സംസ്ഥാന സര്‍ക്കാര്‍ നടത്തുന്ന സര്‍വ്വേക്ക് കെ റെയില്‍ കോര്‍പ്പറേഷന്‍ പണം ചെലവാക്കിയാല്‍ ഉത്തരവാദിത്തം കെ റെയിലിനു മാത്രമെന്ന് റെയില്‍വേ മന്ത്രാലയം വ്യക്തമാക്കുന്നുണ്ട്. റെയില്‍വേ മന്ത്രാലയം അനുമതി നല്‍കാത്ത സില്‍വര്‍ ലൈന്‍ പദ്ധതിക്കായി സാമൂഹികാഘാതപഠനവും  സര്‍വ്വേയും നടത്തുന്നത് അപക്വമായ നടപടിയാണെന്നും റെയില്‍വേക്ക് വേണ്ടി സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറയുന്നു. കെ - റെയില്‍ കോര്‍പ്പറേഷന്‍ സ്വതന്ത്ര കമ്പനിയാണ്. റെയില്‍വെക്ക് ഈ സ്ഥാപനത്തില്‍ ഓഹരി പങ്കാളിത്തമുണ്ടെങ്കിലും അത്തരം കമ്പനികളുടെ ദൈനംദിന പ്രവര്‍ത്തനങ്ങളില്‍ കേന്ദ്ര സര്‍ക്കാര്‍ ഇടപെടാറില്ല. സില്‍വര്‍ ലൈനിന്റെ സ്ഥലം ഏറ്റെടുപ്പുമായി ബന്ധപ്പെട്ട് നിയമമനുസരിച്ച് സംസ്ഥാന സര്‍ക്കാര്‍ നടപടികള്‍ സ്വീകരിച്ചാല്‍ അതില്‍ കേന്ദ്ര സര്‍ക്കാരിന് ഇടപെടാന്‍ സാധ്യമല്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കേന്ദ്ര അനുമതി ലഭിക്കാത്ത പദ്ധതിക്കായി സാമൂഹിക ആഘാത പഠനവും സര്‍വ്വേയും നടത്തുന്നത് അപക്വമാണെന്നും റെയില്‍വേക്ക് വേണ്ടി അസിസ്റ്റന്റ് സോളിസിറ്റര്‍ ജനറല്‍ വ്യക്തമാക്കിയിട്ടുണ്ട്.