ജനപ്രിയ ആപ്പുകൾ ഉൾപ്പെടെ 348 മൊബൈൽ ആപ്പുകൾക്ക് വിലക്കേർപ്പെടുത്തി കേന്ദ്രം

ജനപ്രിയ ആപ്പുകൾ ഉൾപ്പെടെ 348 മൊബൈൽ ആപ്പുകൾക്ക് വിലക്കേർപ്പെടുത്തി കേന്ദ്രം

 ഉപഭോക്താക്കളുടെ വിവരങ്ങൾ രാജ്യത്തിനു പുറത്തേക്ക് കടത്തുന്നു എന്ന് കരുതപ്പെടുന്ന 348 മൊബൈൽ ആപ്പുകൾക്ക് വിലക്കേർപ്പെടുത്തി കേന്ദ്ര സർക്കാർ.
ചൈന ഉൾപ്പെടെയുള്ള വിവിധ രാജ്യങ്ങളിലാണ് ഈ ആപ്പുകൾ ഡെവലപ്പ് ചെയ്യപ്പെട്ടത്. ഐടി മന്ത്രി രാജീവ് ചന്ദ്രശേഖറാണ് ഇക്കാര്യം അറിയിച്ചത്. ഏതൊക്കെ ആപ്പുകളാണ് വിലക്കിയതെന്നതിൽ വ്യക്തതയില്ല. ഈ മാസം മൂന്നിന് ബാറ്റിൽ റൊയാൽ ഗെയിമായ പബ്ജിയുടെ ഇന്ത്യൻ പതിപ്പ് ‘ബാറ്റിൽ ഗ്രൗണ്ട്സ് മൊബൈൽ ഇന്ത്യ’യെയും കേന്ദ്രം വിലക്കിയിരുന്നു. ഗെയിം കളിക്കാൻ സമ്മതിക്കാത്തതിന് 16കാരൻ മാതാവിനെ വെടിവച്ച് കൊലപ്പെടുത്തിയതുമായി ബന്ധപ്പെട്ടാണ് കേന്ദ്രം ബാറ്റിൽ ഗ്രൗണ്ട്സ് മൊബൈൽ ഇന്ത്യ അഥവാ ബിജിഎംഐ നിരോധിച്ചത്. കഴിഞ്ഞ മാസമാണ് 16 വയസുകാരൻ അമ്മയെ കൊലപ്പെടുത്തിയത്. തുടർന്ന് ഗെയിമിനെതിരെ നടപടി സ്വീകരിക്കണമെന്ന ആവശ്യവുമായി പ്രഹാർ എന്ന എൻജിഒ ഹർജി സമർപ്പിച്ചു. ബാറ്റിൽ ഗ്രൗണ്ട്സ് മൊബൈൽ ഇന്ത്യ എന്നത് നേരത്തെ രാജ്യം നിരോധിച്ച പബ്ജി തന്നെയാണെന്നും ഹർജിയിൽ സൂചിപ്പിച്ചിരുന്നു. ഇതേ തുടർന്നാണ് കേന്ദ്രം ഗെയിം നീക്കം ചെയ്യാനുള്ള തീരുമാനമെടുത്തത്. 2020 സെപ്തംബറിൽ വ്യക്തിഗത സുരക്ഷ ചൂണ്ടിക്കാട്ടി കേന്ദ്രം നിരോധിച്ചതിനു പിന്നാലെ ഇന്ത്യയിൽ തിരികെയെത്താനുള്ള ശ്രമം പബ്ജി ആരംഭിച്ചിരുന്നു. ഇതിനായാണ് കഴിഞ്ഞ വർഷം ജൂണിൽ പബ്ജി ഇന്ത്യൻ പതിപ്പ് ഇവർ പുറത്തിറക്കിയത്. ഇത് ഇന്ത്യൻ മാർക്കറ്റിനുവേണ്ടി പ്രത്യേകമായി തയാറാക്കിയതാണ്. ഉപയോക്താക്കളുടെ വ്യക്തിഗത വിവരങ്ങളുടെ സുരക്ഷയും പബ്ജി കോർപ്പറേഷൻ ഉറപ്പുനൽകുന്നു. ക്യാരക്ടറുകൾ, സ്ഥലം, വസ്ത്രങ്ങൾ, ഉള്ളടക്കം, വാഹനങ്ങൾ എന്നിങ്ങനെ സകല മേഖലകളിലും ‘ഇന്ത്യൻ ടച്ച്’ ഉള്ള ഗെയിമാണ് ഇത്.