എഐസിസി അധ്യക്ഷന്‍: രാഹുലിനെതിരെ ആനന്ദ് ശര്‍മ്മ 

എഐസിസി അധ്യക്ഷന്‍: രാഹുലിനെതിരെ ആനന്ദ് ശര്‍മ്മ 

ഗാന്ധിമാര്‍ക്കപ്പുറം കോണ്‍ഗ്രസ് ചിന്തിക്കേണ്ടതുണ്ടെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ആനന്ദ് ശര്‍മ്മ . ദേശീയ അധ്യക്ഷനാകാനുള്ള നിഷേധാത്മക നിലപാട് രാഹുല്‍ ഗാന്ധി തുടരുന്ന ഘട്ടത്തിലാണ് ആനന്ദ് ശര്‍മ്മ രൂക്ഷമായ ഭാഷയില്‍ പ്രതികരിച്ചത്. 1978-ല്‍ ഇന്ദിരാഗാന്ധിയെ പുറത്താക്കിയതിന് ശേഷം പാര്‍ട്ടിയെ നിലനിറുത്തിയത് നിരവധി നേതാക്കളാണെന്ന് ഗുലാം നബി ആസാദിന് ശേഷം പാര്‍ട്ടിയുടെ പ്രധാന പദവിയില്‍ നിന്ന് പടിയിറങ്ങിയ ശര്‍മ്മ ഓര്‍മ്മിപ്പിച്ചു. 'അവര്‍ ഞങ്ങളെപ്പോലുള്ള ആളുകളായിരുന്നു... ഈ പാര്‍ട്ടി നമുക്കെല്ലാവര്‍ക്കും അവകാശപ്പെട്ടതാണെന്നും എന്‍ഡിടിവിയുടെ ഒരു പരിപാടിയില്‍ ആനന്ദ് ശര്‍മ്മ  തുറന്നടിച്ചു. ദേശീയ അധ്യക്ഷസ്ഥാനം രാഹുല്‍ ഗാന്ധിക്കും പ്രിയങ്ക ഗാന്ധി വാദ്രയ്ക്കും മാത്രമായി നല്‍കാം എന്ന് പറയുന്നതില്‍ ഒരു കാരണമില്ല, അദ്ദേഹം പറഞ്ഞു. ഈ രണ്ട് പേരുകളില്‍ മാത്രം ഒതുങ്ങുന്നതാണോ കോണ്‍ഗ്രസ്? കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ചരിത്രത്തെ പരിഹസിക്കുന്ന നടപടിയാണ് ഇതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സംഘടനാപരമായ മാറ്റങ്ങള്‍ ആവശ്യപ്പെട്ട് രണ്ട് വര്‍ഷം മുമ്പ് സോണിയാ ഗാന്ധിക്ക് കത്തെഴുതിയ 23 നേതാക്കളില്‍ പ്രമുഖനാണ് ആനന്ദ് ശര്‍മ്മ. ഗ്രൂപ്പ് 23 സംബന്ധിച്ചും ആനന്ദ് ശര്‍മ്മ പ്രതികരിച്ചു, 'കത്ത് ഉള്ളിടത്തോളം കാലം ഞങ്ങള്‍ നിലനില്‍ക്കും. ഞങ്ങള്‍ വിമതര്‍ അല്ല, ഞങ്ങള്‍ പരിഷ്‌കരണവാദികളാണ്. പാര്‍ട്ടിയുടെ ഭരണഘടന പിന്തുടരാന്‍ ആവശ്യപ്പെടുന്നത് ഒരു കുറ്റമാണോ?' - ഇദ്ദേഹം പരിപാടിയില്‍ ചോദിച്ചു.