വിവാദങ്ങള്‍ അവസാനിക്കുന്നില്ല; ലുലുവില്‍ ലൗജിഹാദെന്ന് പരാതി
ലഖ്നൗ: ലുലുമാളില്‍ നിസ്‌കാരം നടത്തിയെന്ന കേസില്‍ പരാതിയുമായി ലുലുഗ്രൂപ്പ്. സംഭവം വിവാദമായതിന് പിന്നാലെ നാല് ദിവസത്തിന് ശേഷമാണ് ലുലുഗ്രൂപ്പ് കേസുമായി രംഗത്തു ഇറങ്ങിയത്. ഹിന്ദു സംഘടനകളെ പ്രീണിപ്പിക്കുന്നതിന് വേണ്ടിയാണ് ലുലുഗ്രൂപ്പ് പരാതി നല്‍കിയതെന്ന് മുസ്ലിംസംഘടനകള്‍ ആരോപിച്ചു. ഇതിന് പുറമേ മാളിനുള്ളില്‍ ഒരു മതാചാര പ്രകാരമുള്ള പ്രാര്‍ത്ഥനയും അനുവദിക്കില്ലെന്ന അറിയിപ്പ് ബോര്‍ഡും സ്ഥാപിച്ചു.'ലുലു മസ്ജിദ്' എന്ന് വിളിച്ചുകൊണ്ടാണ് മാളില്‍ ചിലര്‍ നിസ്‌കരിക്കുന്നതിന്റെ വീഡിയോ അഖില ഭാരത ഹിന്ദു മഹാസഭ പ്രചരിപ്പിച്ചത്. ഉദ്ഘാടനത്തിന് തൊട്ടുപിന്നാലെയാണ് ഇത്തരത്തില്‍ പ്രചാരണം ആരംഭിച്ചത്. ലുലുമാളില്‍ ലൗജിഹാദ് നടക്കുന്നുണ്ടെന്നും ജീവനക്കാരില്‍ 70 ശതമാനവും മുസ്ലീങ്ങള്‍ ആണെന്നും പരാതിയില്‍ പറയുന്നുണ്ട്. ഇതിന് പിന്നാലെ നിസ്‌കരിച്ചവര്‍ക്കെതിരെ മാനേജ്മെന്റും പരാതി നല്‍കുകയായിരുന്നു. ഇവര്‍ ആരൊക്കെയാണെന്ന് തിരിച്ചറിഞ്ഞിട്ടില്ല.