സിപിഐയിൽ പൊട്ടിത്തെറി: കാനം സിപിഎമ്മിന്റെ ബി ടീമെന്നു വിമർശനം
ജില്ലാ സമ്മേളനങ്ങൾ നടന്നിടങ്ങളിലൊക്കെ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെതിരെ രൂക്ഷ വിമർശനം. ഇനി നടക്കാനിരിക്കുന്ന സമ്മേളനങ്ങളിലും ഇത് തുടരുമെന്നാണ് വന്നുകൊണ്ടിരിക്കുന്ന റിപ്പോർട്ട്.
മുഖ്യമന്ത്രി പിണറായി വിജയനും സിപിഎമ്മും ചേർന്ന് ഇടതുമുന്നണിയുടെ മുഖം നഷ്ടമാക്കിയിട്ടും സിപിഎമ്മിന്റെ ബി ടീമെന്ന നിലയിലാണ് പാർട്ടി സെക്രട്ടറി പ്രവർത്തിക്കുന്നതെന്ന് ഇന്നലെ തുടങ്ങിയ കോട്ടയം ജില്ലാ സമ്മേളനം ആരോപിച്ചു. വെളിയം ഭാർഗവൻ, സി..കെ. ചന്ദ്രപ്പൻ തുടങ്ങിയ നേതാക്കളായിരുന്നു ഒരു കാലത്തെ ഇടതു മുന്നണിയിലെ തിരുത്തൽ കേന്ദ്രങ്ങൾ. മുന്നണിയിൽ ഇടതുപക്ഷ വ്യതിയാനങ്ങൾ സംഭവിച്ചപ്പോഴെല്ലാം പാർട്ടി ഇടപെട്ട് തിരുത്തിച്ചിട്ടുണ്ട്. എന്നാൽ ഇപ്പോൾ സിപിഎമ്മിന് അടിമപ്പണി ചെയ്യേണ്ട ഗതികേടിലാണ് സിപിഐ എന്നും ജില്ലാ സെക്രട്ടറി സി.കെ. ശശിധരൻ അവതരിപ്പിച്ച സംഘടനാ റിപ്പോർട്ടിൽ പറയുന്നു.
ഒന്നാം പിണറായി വിജയൻ സർക്കാരിനു ഭരണത്തുടർച്ച കിട്ടിയത് ഇടതുമുന്നണിയുടെ കൂട്ടായ പ്രവർത്തന ഫലമായിട്ടാണ്. എന്നാൽ ഭരണത്തുടർച്ച കിട്ടിയപ്പോൾ അത് പിണറായി വിജയന്റെ മാത്രം നേട്ടമായി സിപിഎം പ്രചാരം നടത്തുന്നു. രണ്ടാം സർക്കാരിന്റെ വാർഷികത്തിന് ഒരിടത്തും ഇടതു മുന്നണി സർക്കാർ എന്നു പറഞ്ഞില്ല. ഇപ്പോഴും പിണറായി സർക്കാർ എന്നു മാത്രമാണ് സിപിഎം പറയുന്നത്. എല്ലാ തലങ്ങളിലും സിപിഐയെ അവഗണിക്കുകയാണെന്നും വിമർശനം ഉയർന്നു. കോട്ടയം ജില്ലയിൽ സിപിഐയെ ഇല്ലാതാക്കാനാണു സിപിഎം ശ്രമിക്കുന്നത്. സിപിഐയെ തളർത്തി കേരള കോൺഗ്രസിനെ സഹായിക്കുകയാണ് സിപിഎം. ജില്ലയിലെ രണ്ടാമത്തെ വലിയ കക്ഷിയായിട്ടും തദ്ദേശ തെരഞ്ഞെടുപ്പിൽ സിപിഐ സ്ഥാനാർഥികളെ പരാജയപ്പെടുത്താനായിരുന്നു സിപിഎം പ്രാദേശിക നേതാക്കൾ ശ്രമിച്ചതെന്നും വിമർശനമുയർന്നു.
മുഖ്യമന്ത്രിയെ വെള്ളപൂശി, സിപിഎം മറ്റുള്ളവരെ താറടിക്കുകയാണെന്ന് പത്തനംതിട്ട ജില്ലാ കമ്മിറ്റിയും കുറ്റപ്പെടുത്തി. സിപിഐ മന്ത്രിമാരുടെയും ക്യാബിനറ്റ് പദവികളിലുള്ളവരെയും തീർത്തും അവഗണിക്കുകയാണ്. സിപിഐ നേതാക്കൾ വിളിച്ചാൽ ഫോൺ പോലും എടുക്കാത്തവരാണ് സിപിഎമ്മിന്റെ ജില്ലാ നേതാക്കളും ആരോഗ്യ മന്ത്രിയുമെന്നാണ് ശക്തമായ അഭിപ്രായം. സിപിഎമ്മിന്റെ രാഷ്‌ട്രീയ അടിമകളല്ല സിപിഐ എന്നും പ്രതിനിധികൾ കുറ്റപ്പെടുത്തി.
കേരളത്തിലെ ആരോഗ്യ വകുപ്പ് വൻ പരാജയമാണെന്നും പ്രതിനിധികൾ കുറ്റപ്പെടുത്തി.
നേരത്തേ തിരുവനന്തപുരം ജില്ലയിലും അതിരൂക്ഷമായ അഭിപ്രായമാണ് മുഖ്യമന്ത്രിക്കെതിരേ ഉയർന്നത്. കാനം രാജേന്ദ്രന്റെ സാന്നിധ്യത്തിൽത്തന്നെ അദ്ദേഹത്തിനെതിരേയും പ്രതിനിധികൾ ആഞ്ഞടിച്ചു. പാർട്ടിയുടെ സമുന്നത നേതാവ് ആനി രാജയെ അധിക്ഷേപിച്ചപ്പോൾ പോലും കാനം സിപിഎമ്മിനു ചൂട്ടുപിടിക്കുകയായിരുന്നു എന്നാണ് ആക്ഷേപം ഉയർന്നത്.