അടിസ്ഥാന വിഷയങ്ങള്‍ പരിഹരിക്കാതെ ഡോക്ടര്‍മാരെ പ്രതിസ്ഥാനത്തു നിര്‍ത്തുന്നു: ആരോഗ്യ മന്ത്രിക്കെതിരെ കെജിഎംഒഎ

അടിസ്ഥാന വിഷയങ്ങള്‍ പരിഹരിക്കാതെ ഡോക്ടര്‍മാരെ പ്രതിസ്ഥാനത്തു നിര്‍ത്തുന്നു: ആരോഗ്യ മന്ത്രിക്കെതിരെ കെജിഎംഒഎ
തിരുവല്ല താലൂക്ക് ആശുപത്രിയിൽ മിന്നൽ സന്ദർശനം നടത്തുന്ന ആരോഗ്യമന്ത്രി

  യഥാർത്ഥ വസ്തുതകൾ മറച്ച് വെച്ച് ആരോഗ്യ മന്ത്രി വീണ ജോർജ്‌ കഴിഞ്ഞ ദിവസം തിരുവല്ല ആശുപത്രി സന്ദര്‍ശനത്തില്‍ പൊതുജനങ്ങളുടെ മുന്നില്‍ വച്ച് മരുന്നില്ലാത്തതിന് ആശുപത്രി സൂപ്രണ്ട്  അധിക്ഷേപിക്കുകയും ഡോ.അജയമോഹനെ സ്ഥലം മാറ്റുകയും ചെയ്ത ആരോഗ്യ മന്ത്രിയുടെ നടപടി അങ്ങേയറ്റം അപലപനീയമാണെന്ന്   കേരള ഗവ. മെഡിക്കല്‍ ഓഫീസേഴ്‌സ് അസോസിയേഷന്‍ (കെജിഎംഒഎ). 
  
പല ആശുപത്രികളിലും മരുന്ന് ക്ഷാമം കാരണമുള്ള ജനരോഷം നിത്യേന ഡോക്ടര്‍മാര്‍ നേരിടുന്ന സാഹചര്യത്തില്‍ മന്ത്രിയുടെ ഭാഗത്തു നിന്നും ഉണ്ടായ നിരുത്തരവാദപരമായ ഈ സമീപനം തെറ്റായ സന്ദേശമാണ് പൊതുജനങ്ങള്‍ക്ക് നല്‍കുന്നത്. സംസ്ഥാനത്ത് സര്‍ക്കാര്‍ ആശുപത്രികളില്‍ പൊതുവെ ഡോക്ടര്‍മാരുടേതുള്‍പ്പടെ മാനവ വിഭവശേഷിയുടെ വലിയ കുറവാണ് നിലവിലുള്ളത്. ഇതിനു പുറമെ ഡോക്ടര്‍മാരുടെ നൂറ്റമ്പതോളം ഒഴിവുകള്‍ ദീര്‍ഘനാളായി നികത്താതെ നില്‍ക്കുന്നു
മുന്‍ വര്‍ഷങ്ങളില്‍ പകര്‍ച്ച വ്യാധികള്‍ വര്‍ദ്ധിക്കുന്ന വര്‍ഷകാല സമയത്ത് അധിക ഡോക്ടര്‍മാരെ താത്കാലികാടിസ്ഥാനത്തില്‍ നിയമിക്കുന്ന രീതിയും ഈ വര്‍ഷം ഉണ്ടായിട്ടില്ല.  ഒപി ചികിത്സക്ക് പുറമെ മറ്റ് ഡ്യൂട്ടികള്‍ ഉള്ള ഡോക്ടര്‍മാര്‍ ഒഴികെ ബാക്കിയുള്ളവരെല്ലാം ഒപി യില്‍ ഉണ്ടായിട്ടും മന്ത്രിയുടെ സന്ദര്‍ശന വേളയില്‍ തിരുവല്ലയില്‍ നടന്ന സംഭവങ്ങള്‍ അമിത ജോലിഭാരം ആത്മാര്‍ത്ഥമായി തന്നെ ഏറ്റെടുക്കുന്ന ഡോക്ടര്‍മാരുടെ മനോവീര്യം തകര്‍ക്കുന്നതാണ്. അടിസ്ഥാന വിഷയങ്ങള്‍ പരിഹരിക്കാതെ ഡോക്ടര്‍മാരെ പ്രതിസ്ഥാനത്ത് നിര്‍ത്തി ബലിയാടാക്കുന്ന സമീപനം തീര്‍ത്തും പ്രതിഷേധാര്‍ഹവും സാമാന്യനീതിക്കു നിരക്കാത്തതുമാണ്. ഈ സമീപനം ഒരു കാരണവശാലും അംഗീകരിക്കാനാകില്ലെന്ന്  സംഘടന പത്രക്കുറിപ്പിലൂടെ അറിയിച്ചു.