സർക്കാർ പ്രതിസന്ധിയിൽ : ഇന്ന് കാലാവധി തീരുന്ന പതിനൊന്ന് ഓര്‍ഡിനന്‍സുകൾ ഒപ്പിടാതെ ഗവര്‍ണർ

സർക്കാർ പ്രതിസന്ധിയിൽ : ഇന്ന് കാലാവധി തീരുന്ന  പതിനൊന്ന് ഓര്‍ഡിനന്‍സുകൾ ഒപ്പിടാതെ ഗവര്‍ണർ

  ഇന്ന് കാലാവധി തീരാനിരിക്കെ  പതിനൊന്ന് ഓര്‍ഡിനന്‍സുകളില്‍ തീരുമാനമെടുക്കാതെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ഗവര്‍ണര്‍ ഒപ്പിടാത്തത് മൂലം സംസ്ഥാന സര്‍ക്കാര്‍ പ്രതിസന്ധിയിലായി.ലോകായുക്ത നിയമഭേദഗതിയും ഇതിൽപെടും. വൈസ് ചാന്‍സിലര്‍ നിയമനത്തില്‍ തന്റെ അധികാരം വെട്ടിക്കുറയ്ക്കുന്ന ഓര്‍ഡിനന്‍സ് സര്‍ക്കാര്‍ പുറത്തിറക്കിയതില്‍ കടുത്ത അതൃപ്തി രേഖപ്പെടുത്തി സര്‍ക്കാരിനെ മറിക്കടന്ന് വിസി നിയമനത്തിനായുള്ള സര്‍ച്ച് കമ്മിറ്റിയുണ്ടാക്കിയ ഗവര്‍ണര്‍ കാലാവധി തീരാറായ പതിനൊന്ന് ഓര്‍ഡിനന്‍സുകളിലും ഒപ്പിടാതെ ഉറച്ചു നില്‍ക്കുകയാണ്. ലോകായുക്ത നിയമഭേദഗതി ഓര്‍ഡിനന്‍സില്‍ അനുമതി നേടലാണ് മുഖ്യമന്ത്രിക്കും സര്‍ക്കാരിനും പരമപ്രധാനം. ഫലത്തില്‍ ഇന്ന് ഒപ്പിട്ടിട്ടില്ലെങ്കില്‍ ഓര്‍ഡിനന്‍സ് ലാപ്‌സാകും. പഴയ ലോകായുക്ത നിയമം വീണ്ടും പ്രാബല്യത്തിലും വരും. ദുരിതാശ്വാസ ഫണ്ട് വകമാറ്റിയതില്‍ മുഖ്യമന്ത്രിക്കെതിരെ ലോകായുക്തയിലുള്ള കേസ് കൂടുതല്‍ നിര്‍ണായകമാകും. പരാതിയില്‍ വാദം പൂര്‍ത്തിയാക്കി കേസ് ലോകായുക്ത ഉത്തരവിനായി മാറ്റിവച്ചിരിക്കെയാണ്. അതിനിടെയാണ് ലോകായുക്തയുടെ അധികാരം വെട്ടികുറക്കുന്ന ഓര്‍ഡിനന്‍സ് അനിശ്ചിതത്വത്തിലായത്. നേരത്തെ വലിയ എതിര്‍പ്പ് ഉയര്‍ത്തിയ ഗവര്‍ണര്‍ മുഖ്യമന്ത്രി നടത്തിയ കൂടിക്കാഴ്ചയോടെ അനുനയത്തിലെത്തി ഓര്‍ഡിനന്‍സില്‍ ഒപ്പിടുകയായിരുന്നു. ഓര്‍ഡിനന്‍സിന് പകരമുള്ള ബില്‍ നിയമസഭ ഇതുവരെ പാസാക്കാത്തെ സാഹചര്യത്തിലാണ് വീണ്ടും ഓര്‍ഡിനന്‍സ് പുതുക്കിയിറക്കിയത്. ഓര്‍ഡിനന്‍സ് തിരിച്ചയച്ചാല്‍ വീണ്ടും ഓര്‍ഡിനന്‍സ് മന്ത്രിസഭക്ക് പുതുക്കി ഇറക്കാം. ഒരു തവണ തിരിച്ചയച്ച ഓര്‍ഡിനന്‍സ് വീണ്ടും സര്‍ക്കാര്‍ അയച്ചാല്‍ ഗവര്‍ണര്‍ ഒപ്പിടണം. പക്ഷെ ഇവിടെ ഓര്‍ഡിനന്‍സില്‍ തീരുമാനമെടുക്കാതെ രാജ്ഭവന്‍ നീട്ടിവെക്കുന്നതാണ് സര്‍ക്കാരിനെ കടുത്ത വെട്ടിലാക്കുന്നത്. വിസി നിയമന ഓര്‍ഡിനന്‍സിലും സമാന നിലപാടാകും ഗവര്‍ണര്‍ സ്വീകരിക്കാന്‍ സാധ്യത. കേരള സര്‍വകലാശാലയിലെ ക്രമക്കേടുകള്‍ സംബന്ധിച്ച സിഎജി റിപ്പോര്‍ട്ട്, കണ്ണൂരിലെ ബോര്‍ഡ് ഓഫ് സ്റ്റഡീസിലെ നിയമനവും ചട്ടവിരുദ്ധ അഫിലിയേഷനും, സംസ്‌കൃത സര്‍വകലാശാലയിലെ ചട്ടവിരുദ്ധ അസിസ്റ്റന്റ് പ്രൊഫസര്‍ നിയമനം, കാലിക്കറ്റിലെ അധ്യാപക നിയമനത്തിലുള്ള സംവരണ അട്ടിമറി തുടങ്ങി നിരവധി വിഷയങ്ങളില്‍ വരുംദിവസങ്ങളില്‍ നിലപാട് കടുപ്പിക്കാനാവും ഗവര്‍ണറുടെ തീരുമാനം. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.കെ.രാഗേഷിന്റെ ഭാര്യ പ്രിയാ വര്‍ഗീസിന്റെ അസോഷ്യേറ്റ് പ്രൊഫസര്‍ നിയമനം സംബന്ധിച്ച് കണ്ണൂര്‍ വിസിയോട് ഗവര്‍ണര്‍ വിശദീകരണം തേടുകയും ചെയ്തിരുന്നു. ഇപ്പോള്‍ ഡല്‍ഹിയിലുള്ള ഗവര്‍ണര്‍ വ്യാഴാഴ്ച രാത്രിയോടെ തലസ്ഥാനത്ത് തിരിച്ചെത്തും. സര്‍ക്കാരിനെ കടുത്ത പ്രതിസന്ധിയിലാക്കിയാണ് ഗവര്‍ണറുടെ ഇപ്പോഴത്തെ നിലപാട്. മുമ്പ് പലപ്പോഴും ഇത്തരം സാഹചര്യങ്ങളില്‍ ഗവര്‍ണര്‍ പ്രതിഷേധം പ്രകടിപ്പിച്ചിരുന്നപ്പോള്‍ മുഖ്യമന്ത്രിയോ, മന്ത്രിമാരോ ഇടപെട്ട് സര്‍ക്കാര്‍ നിലപാട് വിശദീകരിക്കുമ്പോള്‍ നിലപാട് മാറ്റുകയായിരുന്നു ഗവര്‍ണര്‍ ചെയ്തിരുന്നത്.