ആദ്യം കെപിസിസി പ്രസിഡന്റ്; ശേഷം താഴേക്ക് നാമനിർദേശം
കേരളത്തിൽ കെപിസിസി പ്രസിഡന്റിനെ നിശ്ചയിച്ച ശേഷം മാത്രം താഴേക്കുള്ള പുനഃസംഘടന മതിയെന്നു കോൺഗ്രസ് നേതൃത്വത്തിൽ ധാരണ. ഇതോടെ സംഘടനാ തിരഞ്ഞെടുപ്പിന്റെ അടിസ്ഥാനത്തിലുള്ള മത്സരങ്ങൾ ഒരു തലത്തിലും നടക്കില്ല.
കെപിസിസി പ്രസിഡന്റിനെ തിരഞ്ഞെടുക്കുന്ന ഇലക്ടറൽ കോളജ് ആയ 280 അംഗ കെപിസിസി ജനറൽ ബോഡി പട്ടിക കേന്ദ്ര തിരഞ്ഞെടുപ്പ് അതോറിറ്റിക്കു സമർപ്പിച്ചിട്ടുണ്ട്. ഇതിന് അംഗീകാരം ആയാൽ കെപിസിസി ജനറൽബോഡി വിളിക്കും. പ്രസിഡന്റിനെ നിശ്ചയിക്കാനുള്ള അധികാരം എഐസിസി പ്രസിഡന്റിനു കൈമാറുന്ന ഒറ്റവരി പ്രമേയം ഈ യോഗത്തിൽ അവതരിപ്പിക്കുമെന്നാണു ധാരണ. കെ.സുധാകരൻ പ്രസിഡന്റായി തുടരുമെന്നാണ് ഇതു വ്യക്തമാക്കുന്നത്. ഓഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിലായി കെപിസിസി, എഐസിസി പ്രസിഡന്റുമാരുടെ തിരഞ്ഞെടുപ്പു നടക്കും.
ഈ മാസം മൂന്നാം വാരത്തോടെ കെപിസിസി പ്രസിഡന്റിനെ തിരഞ്ഞെടുക്കാനുള്ള ജനറൽ ബോഡി യോഗം ചേർന്നേക്കും. സോണിയയുടെ പ്രഖ്യാപനം വന്നശേഷം താഴെത്തട്ടിലെ പുനഃസംഘടന ആരംഭിക്കും. ബ്ലോക്ക് മുതൽ ഡിസിസി വരെ അഴിച്ചുപണിക്കു കോഴിക്കോട്ടെ ചിന്തൻ ശിബിരം കലണ്ടർ തയാറാക്കിയിട്ടുണ്ട്. തിരഞ്ഞെടുപ്പിനു മുന്നോടിയായ അംഗത്വ വിതരണം ആരംഭിക്കുന്നതിനു മുൻപ് ഡിസിസി പുനഃസംഘടനാ ചർച്ചകൾ കേരളത്തിൽ അന്തിമഘട്ടത്തിൽ എത്തിയിരുന്നു. അന്നു തയാറാക്കിയ പട്ടിക ഒന്നുകൂടി പരിശോധിച്ചു പ്രഖ്യാപിക്കാമെന്ന അഭിപ്രായമാണ് പരിഗണനയിൽ. പുതിയ ബ്ലോക്ക് പ്രസിഡന്റുമാരുടെ കരടുപട്ടികയും തയാറാണ്.