കെഎസ്ഇബി തര്‍ക്കം; മന്ത്രിതല ചര്‍ച്ച ഇന്ന് 

കെഎസ്ഇബി തര്‍ക്കം; മന്ത്രിതല ചര്‍ച്ച ഇന്ന് 

തിരുവനന്തപുരം: കെഎസ്ഇബിയിലെ ഓഫീസര്‍മാരുടെ എല്ലാ സംഘടനകളുമായും വൈദ്യുതി മന്ത്രി കെ.കൃഷ്ണന്‍കുട്ടി ഇന്ന് ചര്‍ച്ച നടത്തും. രാവിലെ 11 മണിക്ക് ഓണ്‍ലൈനായാണ് ചര്‍ച്ച. കെഎസ്ഇബി ഓഫീസേഴ്‌സ് അസോസിയേഷന്റെ പ്രക്ഷോഭത്തിന്റെ സാഹചര്യത്തിലാണ് മന്ത്രി ചര്‍ച്ച നടത്തുന്നത്. നേതാക്കളുടെ സ്ഥലം മാറ്റം പിന്‍വലിക്കുന്ന കാര്യത്തില്‍ ഇന്നത്തെ യോഗത്തില്‍ തീരുമാനമുണ്ടാകാന്‍ സാധ്യതയില്ല. വൈദ്യുതി ഭവന് മുന്നില്‍ നടത്തിവന്ന അനിശ്ചിതകാല സത്യാഗ്രഹ സമരം, ഇന്നലെ അവസാനിപ്പിച്ചിരുന്നു. മെയ് 16ന് മുമ്പ് അനുകൂല തീരുമാനം ഉണ്ടായില്ലെങ്കില്‍ ചട്ടപ്പടി
സമരത്തിലേക്കും, അനിശ്ചിതകാല നിരാഹര സമരത്തിലേക്കും നീങ്ങുമെന്ന് ഓഫീസേഴ്‌സ് അസോസിയേഷന്‍ അറിയിച്ചു. അതേ സമയം ദേശാഭിമാനിയില്‍ എഴുതിയ ലേഖനത്തിന്റെ പേരില്‍ അസോസിയേഷന്‍ പ്രസിഡണ്ട് എം ജി സുരേഷിനെതിരെ വീണ്ടും നടപടിക്കൊരുങ്ങുകയാണ് മാനേജ്‌മെന്റ്. ചെയര്‍മാന്‍ സ്ത്രീത്വത്തെ അപമാനിച്ചുവെന്ന ആരോപണം ലേഖനത്തില്‍ ആവര്‍ത്തിച്ചതാണ് കാരണം. ഈ ആരോപണം ഉന്നയിച്ചതിന്റെ അടിസ്ഥാനത്തില്‍ കൂടിയായിരുന്നു സുരേഷ്‌കുമാറിനെ സസ്‌പെന്‍ഡ് ചെയ്തത്. സസ്‌പെന്‍ഷന്‍ പിന്‍വലിച്ചിട്ടും ആരോപണം ആവര്‍ത്തിക്കുന്നതിനെ ഗൗരവമായി മാനേജ്‌മെനറ് കാണുന്നു.