ഇറച്ചിവെട്ട് യന്ത്രത്തിനുള്ളില്‍ സ്വര്‍ണക്കടത്ത്; ലീഗ് നേതാവിന്റെ മകന്‍ പിടിയില്‍
കൊച്ചി: ഇറച്ചി മുറിക്കുന്ന യന്ത്രത്തിനുളളില്‍ വെച്ച് സ്വര്‍ണം കടത്തിയ സംഭവത്തില്‍ മുഖ്യപ്രതി പിടിയില്‍. തൃക്കാക്കര നഗരസഭാ വൈസ് ചെയര്‍മാനും ജില്ലാ ലീഗ് നേതാവുമായ എ എ ഇബ്രാഹിംകുട്ടിയുടെ മകന്‍ ഷാബിനാണ് ഇന്നലെ രാത്രി പിടിയിലായത്. ഇന്ന് ഉച്ചയോടെ അറസ്റ്റ് രേഖപ്പെടുത്തും. കള്ളക്കടത്തില്‍ പങ്കാളിയായ തുരുത്തുമ്മേല്‍ സിറാജ് എന്നയാളും കസ്റ്റംസിന്റെ പിടിയിലായിട്ടുണ്ട്. ഇയാളുടെ കൊച്ചിയിലെ സ്ഥാപനത്തിന്റെ പേരിലാണ് സ്വര്‍ണം എത്തിയത്. സിനിമാ നിര്‍മാതാവായ മറ്റൊരു പ്രതി സിറാജുദ്ദീന്‍ നിലവില്‍ വിദേശത്താണ്. ഇയാളെ നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങള്‍ കസ്റ്റംസ് തുടങ്ങി. അടിയന്തരമായി ഹാജരാകണമെന്ന് ഇയാളുടെ കൊച്ചിയിലെ വീട്ടിലും നോട്ടീസ് നല്‍കിയിട്ടുണ്ട്. ദുബായില്‍ നിന്നും ഇറക്കുമതി ചെയ്ത ഇറച്ചിവെട്ട് യന്ത്രത്തിനുള്ളില്‍ നിന്ന് രണ്ടുകിലോ 232 ഗ്രാം സ്വര്‍ണ്ണമാണ് പിടികൂടിയത്. ഈ മാസം 17ന് ദുബായിയില്‍ നിന്നും കൊച്ചി വിമാനത്താവളത്തിലെത്തിയ എയര്‍ ഇന്ത്യ വിമാനത്തിലാണ് യന്ത്രമെത്തിയത്. പരിശോധനകള്‍ക്കെല്ലാം ശേഷം തീരുവ അടപ്പിച്ച് യന്ത്രം പുറത്തേക്കുവിട്ടു. ഇതിനിടെ രഹസ്യവിവരത്തെ തുടര്‍ന്ന് കസ്റ്റംസ് പ്രിവന്റീവ് ഉദ്യോഗസ്ഥര്‍ വാഹനം തിരികെ എത്തിച്ച് വീണ്ടും പരിശോധന നടത്തിയപ്പോഴാണ് സ്വര്‍ണം പിടികൂടിയത്. സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് നഗരസഭാ വൈസ് ചെയര്‍മാന്‍ ഇബ്രാഹിം കുട്ടിയെ കസ്റ്റംസ് ഇന്നലെ ചോദ്യം ചെയ്തിരുന്നു. മുമ്പും ഇതേ സ്ഥാപനം ദുബായിയില്‍ നിന്നും യന്ത്രം ഇറക്കുമതി ചെയ്തിട്ടുണ്ടോയെന്ന സംശയം കസ്റ്റംസിനുണ്ട്. പ്രതികളെ നേരിട്ട് ചോദ്യം ചെയ്താലേ മുമ്പ് നടത്തിയ കളളക്കടത്ത് സംബന്ധിച്ച് കൂടുതല്‍ വ്യക്തത വരൂ എന്ന് കസ്റ്റംസ് അറിയിച്ചു.