കേരള പ്രീമിയര്‍ ലീഗ്: സെമിഫൈനല്‍ പോരാട്ടം നാളെ

കേരള പ്രീമിയര്‍ ലീഗ്: സെമിഫൈനല്‍ പോരാട്ടം നാളെ

കൊച്ചി: കേരള പ്രീമീയര്‍ ലീഗിന്റെ ഒമ്പതാം പതിപ്പ് സെമിഫൈനല്‍ മത്സരങ്ങള്‍നാളെ നടക്കും. കോഴിക്കോട് കോര്‍പറേഷന്‍ സ്‌റ്റേഡിയത്തില്‍ നടക്കുന്ന ആദ്യസെമിയില്‍ എ ഗ്രൂപ്പ് ചാമ്പ്യന്‍മാരായ ബാസ്‌കോ ഒതുക്കുങ്ങല്‍, ഗ്രൂപ്പ് ബി റണ്ണേഴ്‌സ്അപ്പായ കെഎസ്ഇബിയെ നേരിടും. എറണാകുളം മഹാരാജാസ് കോളജ് ഗ്രൗണ്ടില്‍ നടക്കുന്ന രണ്ടാം സെമിയില്‍ ബി ഗ്രൂപ്പ് ജേതാക്കളായ ഗോള്‍ഡന്‍ ത്രെഡ്‌സ് എഫ്‌സി, എ ഗ്രൂപ്പ് രണ്ടാം സ്ഥാനക്കാരായ സാറ്റ് തിരൂരിനെ നേരിടും. ഇരുമത്സരങ്ങളും വൈകിട്ട് 3.30ന് തുടങ്ങും. സ്‌പോര്‍ട്‌സ് കാസ്റ്റ് ഇന്ത്യ യൂട്യൂബ് ചാനലില്‍ തത്സമയം സംപ്രക്ഷണം ചെയ്യും.

ഏപ്രില്‍ 10ന് കോഴിക്കോട് കോര്‍പറേഷന്‍ സ്‌റ്റേഡിയത്തിലാണ് ഫൈനല്‍. ബാസ്‌കോയുടെയും കെഎസ്ഇബിയുടെയും തുടര്‍ച്ചയായ രണ്ടാം സെമിഫൈനലാണിത്. സാറ്റ് തിരൂര്‍ ഇത് മൂന്നാം തവണയാണ് അവസാന നാലിലെത്തുന്നത്. 2020ലാണ് അവസാനം സെമികളിച്ചത്. 2014ന് ശേഷം ഗോള്‍ഡന്‍ ത്രെഡ്‌സ് എഫ്‌സി കെപിഎല്‍ സെമിഫൈനലില്‍ യോഗ്യത നേടുന്നത് ഇതാദ്യമാണ്. നാലു ടീമുകളില്‍ കെഎസ്ഇബി മാത്രമാണ് നേരത്തെ കെപിഎല്‍ കിരീടം (2017) ചൂടിയത്. നിലവിലെ റണ്ണേഴ്‌സ് അപ്പ് കൂടിയാണ് അവര്‍.

ലീഗിലെ 10 മത്സരങ്ങളില്‍ ഏഴും ജയിച്ച ബാസ്‌കോ ഇതുവരെ സീസണില്‍ തോല്‍വി അറിഞ്ഞിട്ടില്ല. സാറ്റ് തിരൂരും 7 മത്സരങ്ങള്‍ ജയിച്ചു. ഒരെണ്ണം സമനിലയില്‍ കലാശിച്ചപ്പോള്‍ രണ്ടെണ്ണം തോറ്റു. ലീഗ് ഘട്ടത്തില്‍ ഏറ്റവും കൂടുതല്‍ ജയം നേടിയ ടീം ബി ഗ്രൂപ്പ് ചാമ്പ്യന്‍മാരായ ഗോള്‍ഡന്‍ ത്രെഡ്‌സ് എഫ്‌സിയാണ്. എട്ടിലും ജയിച്ചു, രണ്ടെണ്ണത്തില്‍ തോല്‍വി, ഏഴ് മത്സരങ്ങള്‍ ജയിച്ച കെഎസ്ഇബി 2 സമനിലയും ഒരു തോല്‍വിയും അറിഞ്ഞു.