കാവ്യയെ ചോദ്യം ചെയ്യും

കാവ്യയെ ചോദ്യം ചെയ്യും

കൊച്ചി: നടിയെ ആക്രമിച്ച കേസിന്റെ തുടരന്വേഷണത്തിന് കൂടുതൽ സമയം തേടി പ്രോസിക്യൂഷൻ ഹൈക്കോടതിയിൽ. തുടരന്വേഷണം പൂർത്തിയാക്കാൻ മൂന്ന് മാസം കൂടി സമയം അനുവദിക്കണമെന്നാണ് പ്രോസിക്യൂഷൻ കോടതിയോട് ആവശ്യപ്പെട്ടത്. ഏപ്രിൽ 15നകം അന്വേഷണം പൂർത്തിയാക്കണമെന്നായിരുന്നു ഹൈക്കോടതിയുടെ ഉത്തരവ്.

സൂരജിന്റെ മൊബൈൽ ഫോൺ പരിശോധിച്ചതിൽ ചില പുതിയ വിവരങ്ങൾ ലഭിച്ചിട്ടുള്ളതായും പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു. ഡിജിറ്റൽ തെളിവുകളിൽ വിശദമായ അന്വേഷണവും പരിശോധനയും ആവശ്യമാണ്. ഇതിന് കൂടുതൽ സമയം വേണമെന്നും പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു. ഇതുവരെയുള്ള അന്വേഷണത്തിൽ ഒട്ടേറെ നിർണായക തെളിവുകൾ ലഭിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ വിശദമായ തുടർ അന്വേഷണം ആവശ്യമാണെന്നും പ്രോസിക്യൂഷൻ ഹൈക്കോടതിയിൽ വ്യക്തമാക്കി.

നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങൾ സംബന്ധിച്ച ചില വിവരങ്ങളും സൂരജിന്റെ ഫോണിൽ നിന്ന് ലഭിച്ചതായും പ്രോസിക്യൂഷൻ പറയുന്നു. അന്വേഷണത്തിൽ ലഭിച്ച ഡിജിറ്റൽ തെളിവുകളുടെ അടിസ്ഥാനത്തിൽ കാവ്യ മാധവനെ ചോദ്യം ചെയ്യേണ്ടതുണ്ടെന്ന് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു. ചോദ്യം ചെയ്യലിന് സൗകര്യം തേടിയപ്പോൾ ചെന്നൈയിൽ ആണെന്നാണ് കാവ്യ മറുപടി നൽകിയതെന്നും അടുത്ത ആഴ്ച നാട്ടിൽ തിരികെയെത്തുമെന്ന് അറിയിച്ചതായും പ്രോസിക്യൂഷൻ ഹൈക്കോടതിയിൽ പറഞ്ഞു. ദിലീപിന്റെ ഫോണിലെ തെളിവ് നശിപ്പിച്ച നാല് അഭിഭാഷകരെയും ചോദ്യം ചെയ്യണം എന്ന് അന്വേഷണ സംഘവും കോടതിയെ അറിയിച്ചു.