ഇന്ത്യൻ വംശജൻ ഋഷി സുനകിനെ പരാജയപ്പെടുത്തി ലിസ് ട്രസ് ബ്രിട്ടീഷ് പ്രധാനമന്ത്രി
ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസനു പിൻഗാമിയായി ലിസ് ട്രസ് അധികാരത്തിലേക്ക്. ബ്രിട്ടന്റെ മൂന്നാം വനിത പ്രധാനമന്ത്രിയാണ് നാൽപ്പത്തിയേഴുകാരിയായ ലിസ് ട്രസ്. ബോറിസ് ജോണ്സണ് മന്ത്രിസഭയിലെ വിദേശകാര്യ സെക്രട്ടറിയായിരുന്നു.
കണ്‍സർവേറ്റീവ് പാർട്ടി അംഗങ്ങൾക്കിടയിലെ വോട്ടെടുപ്പിൽ ഇന്ത്യൻ വംശജൻ ഋഷി സുനകിനെ പരാജയപ്പെടുത്തിയാണ് ലിസ് പ്രധാനമന്ത്രി പദത്തിലെത്തിയത്. ലിസ് 81,326 വോട്ടുകൾ നേടിയപ്പോൾ ഋഷി സുനകിന് 60,399 വോട്ടുകൾ നേടാനാണ് കഴിഞ്ഞത്. കടുത്ത പോരാട്ടമാണ് ഋഷി കാഴ്ചവച്ചതെന്നും ലിസ് പറഞ്ഞു.
നിലവിലെ പ്രധാനമന്ത്രി ബോറിസ് ജോൺസൻ ചൊവ്വാഴ്ച സ്ഥാനമൊഴിയും. പ്രധാനമന്ത്രിയാകാനുള്ള അവകാശവവാദവുമായി ലിസ് ട്രസ് എലിസബത്ത് രാജ്ഞിയെ സന്ദർശിക്കും. ആചാരപരമായ ചടങ്ങുകൾക്കുശേഷം ചൊവ്വാഴ്ച വൈകിട്ടോ ബുധനാഴ്ചയോ ആകും ലിസ് അധികാരമേൽക്കുക.
മാർഗരറ്റ് താച്ചറിനും തെരേസ മേയ്കും ശേഷം പ്രധാനമന്ത്രി പദത്തിലെത്തുന്ന വനിതയാണ് ലിസ്. 2025 വരെ ലിസ് ട്രസിന് പ്രധാനമന്ത്രിയായി തുടരാം.