മഹ്സ അമീനിയുടെ മരണം ഇറാനിൽ പ്രതിഷേധം ആളിപടരുന്നു ; 41 മരണം
ഇറാനില്‍ ശരിയായ രീതിയിൽ ശിരോ വസ്ത്രം ധരിച്ചില്ലെന്ന കാരണത്താൽ മതകാര്യ പൊലീസ് കസ്റ്റഡിയിലെടുത്ത 22 വയസുകാരി മഹ്‍സ അമീനി മരിച്ചതിന് പിന്നാലെ ആരംഭിച്ച പ്രതിഷേധം എട്ട് ദിവസത്തിലേക്ക് കടക്കുമ്പോൾ മരണ സംഖ്യ ഉയരുകയാണ്. ഔദ്യോഗിക കണക്കുകൾ പ്രകാരം മരിച്ചവരുടെ എണ്ണം 41 ആയി. മാത്രമല്ല, അറുപത് സ്ത്രീകൾ അടക്കം 700 പേരെ അറസ്റ്റ് ചെയ്തു. അമീനിയുടെ മരണത്തോടെ ആരംഭിച്ച പ്രതിഷേധം രാജ്യവ്യാപകമായിരിക്കുകയാണ്.
പ്രതിഷേധം കനത്തതോടെ ഇറാനിൽ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾക്ക് നിയന്ത്രണമേർപ്പെടുത്തിയിട്ടുണ്ട്. വാട്സാപ്പ്, സ്കൈപ്പ്, ലിങ്ക്ഡ്ഇൻ, ഇൻസ്റ്റഗ്രാം തുടങ്ങിയവയ്ക്കാണ് നിയന്ത്രണം. നൂറ് കണക്കിന് മാധ്യമപ്രവർത്തകരേയും സാമൂഹ്യപ്രവർത്തകരെയുമാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്.
പ്രതിഷേധക്കാർ പൊതു മുതലുകളും സ്വകാര്യ മുതലുകളും തീയിട്ടുവെന്നാണ് ഇറാനിയൻ സർക്കാർ പറയുന്നത്. അതേസമയം സർക്കാർ 41 പേർ മരിച്ചുവെന്ന് ഔദ്യോഗികമായി പുറത്തുവിടുമ്പോൾ ഇറാൻ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന മനുഷ്യാവകാശ സംഘടനയായ ഓസ്ലോ പറയുന്നത് മരണം 54 ആയി എന്നാണ്. പ്രതിഷേധക്കാരായ സ്ത്രീകൾ പൊതു നിരത്തിൽ ഹിജാബ് ഊരി എറിയുകയും കത്തിക്കുകയും മുടി മുറിച്ച് കളയുകയും ചെയ്യുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു.
ശരിയായ രീതിയില്‍ ശിരോവസ്‍ത്രം ധരിച്ചില്ലെന്ന് ആരോപിച്ചാണ് മഹ്‍സ അമീനിയെ പൊലീസ് കസ്റ്റഡിയിലെടുത്തത്. പൊലീസ് കസ്റ്റഡിയില്‍ വെച്ച് ഗുരുതരാവസ്ഥയിലായ പിന്നീട് ഇവരെ ആശുപത്രിയിലേക്ക് മാറ്റി. അവിടെവെച്ച് മസ്‍തിഷ്ക മരണം സംഭവിച്ച് കോമ അവസ്ഥയിലാവുകയും പിന്നാലെ മരണപ്പെടുകയുമായിരുന്നു. മഹ്സയുടെ മരണത്തിന് പിന്നാലെ കുര്‍ദ് ജനസംഖ്യയുള്ള മേഖലകളിൽ ആരംഭിച്ച പ്രതിഷേധം പിന്നീട് 50 ലേറെ നഗരങ്ങളിലേക്കും രാജ്യത്തുടനീളവും വ്യാപിച്ചു. പ്രതിഷേധം ശക്തമായതോടെ ഇന്റര്‍നെറ്റ് ബന്ധം നിയന്ത്രിച്ചിരിക്കുകയാണ്.
പൊലീസ് വാഹനത്തില്‍ വെച്ച് അമീനിക്ക് മര്‍ദമേറ്റെന്ന് ദൃക്സാക്ഷികള്‍ പറയുന്നു. എന്നാല്‍ ഈ ആരോപണം പൊലീസ് നിഷേധിക്കുകയാണ്. കസ്റ്റഡിയില്‍ മറ്റ് സ്‍ത്രീകള്‍ക്കൊപ്പം പാര്‍പ്പിച്ചിരിക്കുന്നതിനിടെ അമീനിക്ക് ഹൃദയാഘാതമുണ്ടായി കുഴഞ്ഞുവീണെന്നും അതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെന്നുമാണ് പൊലീസ് വിശദീകരിക്കുന്നത്. യുവതി കുഴഞ്ഞുവീഴുന്ന ദൃശ്യങ്ങളും പൊലീസ് പുറത്തുവിട്ടു. എന്നാല്‍ അമീനി പൂര്‍ണ ആരോഗ്യവതിയായിരുന്നുവെന്നും അവര്‍ക്ക് ഹൃദ്രോഗമുണ്ടായിരുന്നില്ലെന്നും പിതാവും ബന്ധുക്കളും അറിയിച്ചു.