വിശ്വാസവോട്ടെടുപ്പിന് ഒരുങ്ങി മഹാരാഷ്ട്ര

വിശ്വാസവോട്ടെടുപ്പിന് ഒരുങ്ങി മഹാരാഷ്ട്ര

മുംബൈ: ഭരണ പ്രതിസന്ധി തുടരുന്ന മഹാരാഷ്ട്രയില്‍ മുഖ്യമന്ത്രി ഉദ്ദവ് താക്കറെയ്ക്ക് നാളെ നിര്‍ണായകം. വിശ്വാസ വോട്ടെടുപ്പ് നാളെ നടക്കുമെന്ന് വിമത നേതാവ് ഏക്‌നാഥ് ഷിന്‍ഡേ പറഞ്ഞു. പ്രത്യേക സമ്മേളനം വിളിച്ചുചേര്‍ക്കാന്‍ ഗവര്‍ണര്‍ നിര്‍ദ്ദേശിച്ചു. വിമതര്‍ എംഎല്‍എമാര്‍ നാളെ മുംബൈയില്‍ തിരികെ എത്തും. ഗുവാഹത്തിയില്‍ ക്ഷേത്രദര്‍ശനം കഴിഞ്ഞ് ആയിരുന്നു മാധ്യമങ്ങളോടുള്ള ഏക്‌നാഥ് ഷിന്‍ഡേയുടെ പ്രതികരണം. നാളെ 11 മണിക്ക് സഭ ചേരുമെന്നും 5 മണിക്കകം നടപടികള്‍ പൂര്‍ത്തിയാക്കണമെന്നും ഗവണര്‍ നിര്‍ദേശം നല്‍കി. വിശ്വാസ വോട്ടെടുപ്പ് നടപടികള്‍ ചിത്രീകരിക്കാന്‍ നിര്‍ദേശമുണ്ട്. വിശ്വാസ വോട്ടെടുപ്പിനായി ബിജെപിയും സ്വതന്ത്ര എംഎല്‍എമാരും ആവശ്യമുന്നയിച്ചതിന് പിന്നാലെയാണ് ഗവര്‍ണര്‍ ഇക്കാര്യത്തില്‍ തീരുമാനമെടുത്തത്. വിശ്വാസ വോട്ടെടുപ്പ് ആവശ്യപ്പെട്ട് ബിജെപി നേതൃത്വം ഇന്നലെ രാത്രി രാജ്ഭവനിലെത്തി ഗവര്‍ണറെ കണ്ടിരുന്നു. ദില്ലിയില്‍ ബിജെപി കേന്ദ്ര നേതൃത്വവുമായി കൂടിക്കാഴ്ച നടത്തിയതിനുശേഷം മടങ്ങിയെത്തിയ ദേവേന്ദ്ര ഫഡ് നാവിസ് സംസ്ഥാന അധ്യക്ഷന്‍ ചന്ദ്രകാന്ത് പാട്ടീല്‍ അടക്കമുള്ള നേതാക്കളോടൊപ്പമാണ് രാജ് ഭാവനില്‍ എത്തിയത്. 8 സ്വതന്ത്ര എംഎല്‍എമാരും ഗവര്‍ണര്‍ക്ക് ഇക്കാര്യം ആവശ്യപ്പെട്ട് കത്ത് നല്‍കിയിട്ടുണ്ടെന്നും ഫട്‌നാവിസ് മാധ്യമങ്ങളോട് പറഞ്ഞു.