ബസുകള്‍ വാങ്ങിയതില്‍ അഴിമതി ആരോപണം; ആംആദ്മി സര്‍ക്കാരിനെതിരെ അന്വേഷണത്തിന് ശുപാര്‍ശ

ബസുകള്‍ വാങ്ങിയതില്‍ അഴിമതി ആരോപണം; ആംആദ്മി സര്‍ക്കാരിനെതിരെ അന്വേഷണത്തിന് ശുപാര്‍ശ


ആംആദ്മി സര്‍ക്കാരിനെതിരെ സിബിഐ അന്വേഷണത്തിന് ശുപാര്‍ശ ചെയ്ത് ലഫ്.ഗവര്‍ണര്‍ വിനയ് കുമാര്‍ സക്‌സേന. 1000 ലോ ഫ്‌ളോര്‍ ബസുകള്‍ വാങ്ങിയതില്‍ അഴിമതി നടന്നുവെന്ന് ആരോപണം ഉയര്‍ന്നിരുന്നു. ലഫ്.ഗവര്‍ണര്‍ക്ക് ലഭിച്ച പരാതിയെ തുടര്‍ന്നാണ് അരവിന്ദ് കെജ്‌രിവാള്‍ സര്‍ക്കാരിനെതിരായ അന്വേഷണത്തിന് അനുമതി നല്‍കിയതെന്ന് ദേശീയ മാധ്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.മദ്യനയത്തെ ചൊല്ലിയുള്ള അഴിമതി ആരോപണത്തില്‍ എഎപി സര്‍ക്കാരിനെതിരെ അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് ലോ ഫ്‌ളോര്‍ ബസ് വാങ്ങിയതില്‍ അഴിമതി ആരോപണം ഉയര്‍ന്നത്. നടപടി രാഷ്ട്രീയ പ്രേരിതമാണെന്ന് ഡല്‍ഹി സര്‍ക്കാര്‍ പ്രതികരിച്ചു. ലഫ്.ഗവര്‍ണര്‍ക്കെതിരായ അഴിമതി ആരോപണങ്ങളില്‍ നിന്ന് ആദ്യം അദ്ദേഹത്തിന്റെ പേര് സംരക്ഷിക്കട്ടെയെന്നും എഎപി നേതാക്കള്‍ പറഞ്ഞു.ബസുകള്‍ വാങ്ങുന്നതിനുള്ള 2019ലെ കരാറിലും, വാര്‍ഷിക അറ്റകുറ്റപ്പണികള്‍ക്കുള്ള 2020ലെ കരാറിലും അഴിമതിയുണ്ടെന്നാണ് ആരോപണം. മാസങ്ങള്‍ക്ക് മുമ്പാണ് ലഫ്.ഗവര്‍ണര്‍ക്ക് പരാതി ലഭിച്ചത്. ഇതില്‍ പ്രാഥമിക പരിശോധന നടത്താനും സര്‍ക്കാര്‍ വകുപ്പുകളില്‍ നിന്നും വിശദീകരണം തേടാനും ചീഫ് സെക്രട്ടറിയെ ലഫ്.ഗവര്‍ണര്‍ ചുമതലപ്പെടുത്തിയിരുന്നു. ക്രമക്കേടുകള്‍ നടന്നുവെന്ന് കാട്ടി ആഗസ്റ്റില്‍ ചീഫ് സെക്രട്ടറി സമര്‍പ്പിച്ച റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് സിബിഐ അന്വേഷണത്തിന് ശുപാര്‍ശ ചെയ്തിരിക്കുന്നത്.