മന്ത്രിയുടെ പേഴ്സണൽ സ്റ്റാഫിനെ വീതിച്ചു നൽകൽ: സർക്കാർ തിരുത്തുന്നില്ലെങ്കിൽ ജനം തീരുമാനിക്കട്ടെയെന്ന് ഗവർണർ
മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫ് വിഷയത്തിൽ വീണ്ടും അതൃപ്തി പരസ്യമാക്കി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. നിയമമാണ് പ്രധാനം. എന്റെ അഭിപ്രായം അറിയിച്ചു കഴിഞ്ഞു. സുപ്രീം കോടതിയും പറഞ്ഞു. ഇനി എന്തു ചെയ്യണം? – ഗവർണർ ചോദിച്ചു. സർക്കാർ തിരുത്തുന്നില്ലെങ്കിൽ ജനങ്ങൾ തീരുമാനിക്കട്ടേയെന്നും അദ്ദേഹം പറഞ്ഞു.
രാജിവച്ച മന്ത്രി സജി ചെറിയാന്റെ പേഴ്സണൽ സ്റ്റാഫ് അംഗങ്ങളെ മറ്റു മന്ത്രിമാരുടെ ഓഫിസിൽ നിയമിച്ചതിൽ പ്രതികരിക്കുകയായിരുന്നു ഗവർണർ. പഴ്സനൽ സ്റ്റാഫ് അംഗങ്ങളുടെ ജോലിയും പെൻഷനും ഉറപ്പാക്കുന്നതിനായിരുന്നു സർക്കാരിന്റെ നടപടി. വിദ്യാഭ്യാസ യോഗ്യത കണക്കിലെടുക്കാതെ നിയമിക്കുന്ന പഴ്സനൽ സ്റ്റാഫിന് 30,000 രൂപ മുതൽ ഒന്നേകാൽ ലക്ഷം രൂപ വരെയാണു ശമ്പളം. 2 വർഷം ജോലി ചെയ്താൽ പെൻഷൻ കിട്ടും.
മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫുകൾക്ക് പെൻഷൻ നൽകുന്നതിനെതിരെ ഗവർണർ നേരത്തേ പരസ്യമായി നിലപാടെടുത്തിരുന്നു. പേഴ്സണൽ സ്റ്റാഫിലുള്ളവരുടെ വിദ്യാഭ്യാസ യോഗ്യത ഗവർണർ ആരാഞ്ഞെങ്കിലും സർക്കാർ മറുപടി നൽകിയിരുന്നില്ല. സാമ്പത്തിക പ്രതിസന്ധിക്കിടെ പേഴ്സണൽ സ്റ്റാഫിനു പെൻഷൻ നൽകുന്നത് അധിക ബാധ്യതയാണ് സൃഷ്ടിക്കുന്നതെന്നും രാഷ്ട്രീയ പാർട്ടികൾ ഇക്കാര്യം പരിശോധിച്ച് ഉചിതമായ നടപടി സ്വീകരിക്കണമെന്നും ഗവർണർ ആവശ്യപ്പെട്ടിരുന്നു.