രാഹുൽ ഗാന്ധി തയ്യാറല്ല; അശോക് ഗെലോട്ടിന് സാധ്യത

രാഹുൽ ഗാന്ധി തയ്യാറല്ല; അശോക് ഗെലോട്ടിന് സാധ്യത

രാഹുൽ ഗാന്ധി അധ്യക്ഷപദം സ്വീകരിക്കാൻ തയാറാകാത്ത സാഹചര്യത്തിൽ  രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ട് എഐസിസി അധ്യക്ഷ പദവിയിൽ എത്താൻ സാധ്യത.

സോണിയ ഗാന്ധിയും ഗെലോട്ട് അധ്യക്ഷനാകുന്നതിനോടു യോജിക്കുന്നുണ്ട്. കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റി തയാറാക്കുന്ന അധ്യക്ഷ തിരഞ്ഞെടുപ്പ് തീയതിക്ക് അംഗീകാരം നൽകാൻ  28ന് പ്രവർത്തക സമിതി യോഗം ചേരുന്നുണ്ട്. ചികിത്സയ്ക്കായി വിദേശത്ത് പോകുന്ന സോണിയ ഗാന്ധിക്ക് ഒപ്പം രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും പോകുന്നുണ്ട്. അതിനാൽ  വെർച്വൽയോഗമായിരിക്കും നടക്കുക.

ഗാന്ധി കുടുംബത്തിനു പുറത്തുനിന്നുള്ള ഒരാൾ അധ്യക്ഷനാകട്ടെ എന്ന നിലപാടിൽ ഉറച്ചു നിൽക്കുകയാണു രാഹുൽ ഗാന്ധി. ഇതേ നിലപാടാണ് ജി23 നേതാക്കൾക്കും.  നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തെത്തി നിൽക്കെ രാജസ്ഥാൻ വിടാൻ ഗെലോട്ടിനു താൽപര്യമില്ല. രാഹുൽ ഗാന്ധി അധ്യക്ഷനാകണമെന്നു ഗലോട്ട് സോണിയ ഗാന്ധിയെ കണ്ട് ആവശ്യപ്പെട്ടിരുന്നു. രാഹുലിനോടു നേരിട്ടും ആവശ്യം ഉന്നയിക്കാനാണ് ഗെലോട്ടിന്റെ തീരുമാനം. രാഹുൽ ഗാന്ധി അധ്യക്ഷനായില്ലെങ്കിൽ പ്രവർത്തകർ നിരാശരായി വീട്ടിലിരിക്കുമെന്നും ഗെലോട്ട് പറഞ്ഞു.