രാജ്യതലസ്ഥാനത്തെ കോൺഗ്രസ് പ്രതിഷേധം ; രാഹുല്‍ ഗാന്ധി ഉള്‍പ്പെടെയുള്ള എംപിമാർ കസ്റ്റഡിയിൽ
കേന്ദ്ര സർക്കാരിന്‍റെ ജനദ്രോഹ നയങ്ങൾക്കെതിരെ രാജ്യതലസ്ഥാനത്ത് നടത്തിയ കോണ്‍ഗ്രസ് പ്രതിഷേധത്തിനെതിരെ പോലീസിന്‍റെ നരനായാട്ട്. വിലക്കയറ്റം, തൊഴിലില്ലായ്മ തുടങ്ങിയ വിഷയങ്ങള്‍ ഉയർത്തി കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുടെയും രാഹുല്‍ ഗാന്ധിയുടെയും നേതൃത്വത്തിൽ നടത്തിയ എംപിമാരുടെ രാഷ്ട്രപതി ഭവൻ മാർച്ച് ഡല്‍ഹി പോലീസ് തടഞ്ഞു. എംപിമാരെ ക്രൂരമായി വലിച്ചിഴച്ച് നീക്കുകയും കസ്റ്റഡിയിലെടുക്കുകയും ചെയ്തു. രാഹുല്‍ ഗാന്ധി ഉള്‍പ്പെടെയുള്ളവരെ പോലീസ് കസ്റ്റഡിയിലെടുത്തു.
പ്രതിഷേധ സൂചകമായി കറുത്ത വസ്ത്രങ്ങളണിഞ്ഞാണ് എംപിമാർ എത്തിയത്. കോൺഗ്രസ് പ്രതിഷേധം കണക്കിലെടുത്ത് ജന്തർ മന്തർ ഒഴികെ ന്യൂഡൽഹി ജില്ലയാകെ നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു. എഐസിസി ആസ്ഥാനം കേന്ദ്ര സേനയും ഡല്‍ഹി പോലീസും വളഞ്ഞു. കോൺഗ്രസ് മാർച്ചിന് അനുമതി നിഷേധിച്ച ഡൽഹി പോലീസ്, എംപിമാരെ അറസ്റ്റ് ചെയ്യുന്ന നടപടികളിലേക്ക് കടന്നു. മധ്യപ്രദേശില്‍നിന്നുള്ള യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ കസ്റ്റഡിയിലെടുത്തു. മഹിളാ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ റോഡില്‍ പാചകം ചെയ്ത് പ്രതിഷേധിച്ചു.
കേന്ദ്ര സർക്കാരിനെതിരെ ശക്തമായ പ്രതിഷേധമാണ് രാജ്യതലസ്ഥാനത്ത് ഉയരുന്നത്. പാർലമെന്‍റിൽനിന്ന് രാഷ്ട്രപതി ഭവനിലേക്ക് മാർച്ച് നടത്താനായിരുന്നു കോണ്‍ഗ്രസ് എംപിമാരുടെ തീരുമാനം. എഐസിസി ആസ്ഥാനത്തുനിന്ന് പ്രധാനമന്ത്രിയുടെ വസതിയിലേക്കും പ്രവർത്തകർ പ്രതിഷേധ മാർച്ച് നടത്തുന്നുണ്ട്.