വിജയ് ബാബു അകത്ത് തന്നെ; അമ്മയില്‍ പൊട്ടിത്തെറി; രാജി
കൊച്ചി: ബലാത്സംഗ കേസില്‍ പ്രതിയായ നടനും നിര്‍മാതാവുമായ വിജയ് ബാബുവിനെതിരായ നടപടിയിലെ മെല്ലെ പോക്കില്‍ പ്രതിഷേധിച്ച് അഭിനേതാക്കളുടെ സംഘടനയായ എഎംഎംഎ രൂക്ഷ തര്‍ക്കവും രാജിയും. ആഭ്യന്തര പരാതി പരിഹാര സമിതിയില്‍ നിന്നും നടി മാല പാര്‍വതി രാജി വെച്ചു. സമിതിയിലെ മറ്റ് അംഗങ്ങള്‍ക്കും വിഷയത്തില്‍ അമര്‍ഷമുണ്ട്. വിജയ് ബാബുവിനെ പുറത്താക്കാന്‍ 30 ന് തന്നെ സമിതി ശുപാര്‍ശ ചെയ്തിരുന്നു. ഇന്നലെ ചേര്‍ന്ന യോഗം ഇത് തള്ളിയതിലാണ് കടുത്ത അമര്‍ഷം ഉയര്‍ന്നത്. വിജയ് ബാബുവിനെതിരെ നടപടി എടുക്കുന്നതിനെ ചൊല്ലിയാണ് 'അമ്മ' സംഘടനയില്‍ തര്‍ക്കം ഉണ്ടായത്. വിജയ് ബാബുവിനെതിരെ നടപടി വേണ്ടെന്ന് എക്‌സിക്യൂട്ടീവ് കമ്മിറ്റിയില്‍ ഒരു വിഭാഗം നിലപാടെടുത്തു. നടിയെ ബലാത്സംഗം ചെയ്തതിന് കേസെടുത്ത നടനെതിരെ നടപടി വേണമെന്നായിരുന്നു മറുവിഭാഗത്തിന്റെ വാദം. നടപടി എടുത്താല്‍ വിജയ് ബാബു ഹൈക്കോടതിയില്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷയ്ക്ക് തിരിച്ചടിയാകുമെന്നായിരുന്നു നടനെ അനുകൂലികളുടെ വാദം. അവസാനം ദീര്‍ഘനേരത്തെ ചര്‍ച്ചയ്ക്ക് ശേഷം നടപടിയിലേക്ക് നീങ്ങാതെ വിജയ് ബാബു സംഘടനയ്ക്ക് നല്‍കിയ മറുപടി പ്രകാരം എക്‌സിക്യൂട്ടീവ് കമ്മിറ്റിയില്‍ നിന്ന് ഒഴിവാക്കാന്‍ തീരുമാനിക്കുകയായിരുന്നു. ഇതില്‍ സംഘടനയിലെ ഒരു വിഭാഗത്തിന് അമര്‍ഷമുണ്ട്.