തൃക്കാക്കരയില്‍ പിന്തുണ സിപിഎമ്മിനോ? നിലപാട് വ്യക്തമാക്കി ആംആദ്മി

തൃക്കാക്കരയില്‍ പിന്തുണ സിപിഎമ്മിനോ? നിലപാട് വ്യക്തമാക്കി ആംആദ്മി

കൊച്ചി: തൃക്കാക്കരയില്‍ ഒരു മുന്നണിക്കും ആംആദ്മി പാര്‍ട്ടിയുടെ പിന്തുണയില്ലെന്ന് സംസ്ഥാന സെക്രട്ടറി പദ്മനാഭന്‍ ഭാസ്‌കരന്‍. ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കാത്ത പശ്ചാത്തലത്തില്‍ ആപ്പ് സിപിഐഎമ്മിന് പിന്തുണ പ്രഖ്യാപിച്ചുവെന്ന തരത്തില്‍ പ്രചരിക്കുന്നത് തെറ്റായ വാര്‍ത്തയാണെന്നെന്നും ഇത് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുമെന്നും പദ്മനാഭന്‍ പറഞ്ഞു. നുണ പ്രചാരണത്തിലൂടെ തെരഞ്ഞെടുപ്പ് ജയിക്കാന്‍ കഴിയും എന്ന് കരുതുന്നത് മൗഢ്യമാണെന്നും അദ്ദേഹം പറഞ്ഞു. ട്വന്റി-20 ആംആദ്മി സഖ്യം ഒറ്റ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തി തെരഞ്ഞെടുപ്പിനെ നേരിടുമെന്നായിരുന്നു ആദ്യഘട്ടത്തില്‍ ട്വന്റി-20 കോര്‍ഡിനേറ്റര്‍ സാബു എം ജേക്കബ് പ്രഖ്യാപിച്ചത്.എന്നാല്‍ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തുന്നില്ലെന്ന് ആദ്യം ആംആദ്മിയും പിന്നീട് ട്വന്റി-20യും ഞായറാഴ്ച്ച അറിയിക്കുകയായിരുന്നു. തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് പ്രധാനപ്പെട്ടതല്ലെന്നും ഭരണത്തില്‍ നിര്‍ണായകമായ സ്വാധീനം ഉണ്ടാക്കാന്‍ കഴിയില്ലെന്നുമായിരുന്നു ഇരുകൂട്ടരുടേയും പ്രതികരണം. അതേസമയം മെയ് 15 ന് ആംആദ്മി പാര്‍ട്ടി കണ്‍വീനര്‍ അരവിന്ദ് കെജ്രിവാള്‍ കേരളത്തിലെത്തുന്നുണ്ട്. ട്വന്റി 20 ക്ക് വലിയ സ്വാധീനമുള്ള കിഴക്കമ്പലത്താണ് കെജ്രിവാള്‍ പങ്കെടുക്കുന്ന മഹാസമ്മേളനം നടക്കുന്നത്. അന്ന് ഇരുകൂട്ടരും ചര്‍ച്ച നടത്തി തൃക്കാക്കരയില്‍ ഏത് മുന്നണിയെ പിന്തുണക്കണം എന്ന് തീരുമാനിക്കുമെന്നായിരുന്നു സാബു എം ജേക്കബ് കഴിഞ്ഞ ദിവസം പ്രതികരിച്ചത്.