അമ്പലത്തില്‍ കൈനീട്ടവുമായി സുരേഷ്‌ഗോപി; ഒരു ലക്ഷം നോട്ടുകള്‍ നല്‍കി
തൃശൂര്‍: ക്ഷേത്രത്തില്‍ എത്തുന്നവര്‍ വിഷുദിവസം കൈനീട്ടം കൊടുക്കാനായി സുരേഷ് ഗോപി ഒരു ലക്ഷം രൂപയുടെ ഒരു രൂപ നോട്ടുകള്‍ നല്‍കി. എന്നാല്‍ മേല്‍ശാന്തിമാര്‍ക്ക് പണം കൊടുത്തതിനെതിരെ സിപിഐ നേതാവ് പി ബാലചന്ദ്രന്‍ എംഎല്‍എ രംഗതെത്തിയതോടെ സംഭവം വിവാദമായി. ക്ഷേത്രങ്ങളും പൂരങ്ങളും വോട്ടുപിടിക്കാനുള്ള താവളങ്ങളാക്കി മാറ്റുന്നത് തിരിച്ചറിയാന്‍ തൃശ്ശൂരിലെ പൊതുസമൂഹത്തിന് കഴിവുണ്ടെന്നാണ് സിപിഐ നിലപാട്. സുരേഷ് ഗോപി വിഷുക്കൈനീട്ട പരിപാടിയുമായി തൃശൂര്‍ ജില്ലയിലുണ്ട്. തിരുവമ്പാടി, പാറമേക്കാവ്, വടക്കുന്നാഥ ക്ഷേത്രങ്ങളില്‍ അദ്ദേഹം മേല്‍ശാന്തിമാര്‍ക്ക് ദക്ഷിണ നല്‍കുകയും അവര്‍ക്ക് കൈനീട്ടനിധി നല്‍കുകയും ചെയ്തത്. ഒരു ലക്ഷം രൂപ മൂല്യംവരുന്ന പുത്തന്‍ ഒരു രൂപ നോട്ടുകളാണ് അദ്ദേഹം കൈനീട്ടപരിപാടിക്കായി കൊണ്ടുവന്നത്. റിസര്‍വ് ബാങ്കില്‍ നിന്നു വാങ്ങിയതാണിത്. പാറമേക്കാവ്, തിരുവമ്പാടി ക്ഷേത്രങ്ങളിലെ മേല്‍ശാന്തിമാര്‍ക്കും സുരേഷ് ഗോപി വിഷുക്കൈനീട്ടനിധി നല്‍കിയിരുന്നു. ഈ ക്ഷേത്രങ്ങള്‍ ദേവസ്വം ബോര്‍ഡിന്റെ കീഴിലുള്ളതല്ല. എന്നാല്‍ വടക്കുന്നാഥ ക്ഷേത്രത്തിലെ മേല്‍ശാന്തിക്ക് 1000 രൂപയ്ക്കുള്ള ഒരു രൂപ നോട്ടുകള്‍ നല്‍കിയതിലാണ് ദേവസ്വം ബോര്‍ഡ് ഇടപെട്ടു ഇത്തരത്തില്‍ തുക സ്വീകരിക്കുന്നത് കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് വിലക്കുകയും ചെയ്തു. കൈനീട്ടനിധി മേല്‍ശാന്തിമാരെ ഏല്‍പ്പിക്കുന്നത് ക്ഷേത്രങ്ങളെ ദുരുപയോഗം ചെയ്യുന്നതിന് തുല്യമാണെന്നാണ് ദേവസ്വം ബോര്‍ഡിന്റെ നിലപാട്. എന്നാല്‍ ബോര്‍ഡ് പുറത്തിറക്കിയ പത്രക്കുറിപ്പില്‍ സുരേഷ് ഗോപിയുടെ പേര് പറഞ്ഞിട്ടില്ല. ചില വ്യക്തികളില്‍നിന്ന് സംഖ്യ ശേഖരിക്കുന്നതില്‍ നിന്ന് മേല്‍ശാന്തിമാരെ വിലക്കുന്നു എന്നുമാത്രമാണുള്ളത്. പ്രശ്നം ഗൗരവത്തില്‍ എടുത്തിരിക്കുന്നതെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് വി നന്ദകുമാര്‍ പറഞ്ഞു. വടക്കുന്നാഥ ക്ഷേത്രത്തില്‍ വിഷുകൈനീട്ടം തുടങ്ങിയെങ്കിലും മറ്റു ക്ഷേത്രങ്ങളിലേക്ക് ഉണ്ടാവുമെന്ന സൂചനയെതുടര്‍ന്നാണ് ദേവസ്വം വിലക്ക് ഏര്‍പ്പെടുത്തിയത്.