നിറകണ്ണുകളോടെ കാത്തിരുന്നു. അച്ഛന്റെ അസാന്നിധ്യത്തിൽ രേഖയ്ക്ക് മിന്നുകെട്ട്
താൽക്കാലിക വാച്ചർ രാജനെ കാണാതായത് മേയ് 3 ന് ആയിരുന്നു
സൈലൻറ് വാലി സൈരന്ധ്രിയിലെ വനംവകുപ്പ് താൽക്കാലിക വാച്ചറായ രാജന്റെ മകൾ രേഖയുടെ വിവാഹമായിരുന്നു ഇന്നലെ. കഴിഞ്ഞ 38 ദിവസമായി അദ്ദേഹത്തെ കാണാനില്ല. രേഖ അച്ഛനെ കാത്തിരിക്കുകയായിരുന്നു ഇന്നലെയും. കതിർമണ്ഡപത്തിലേക്കു കയറുമ്പോഴും രേഖയ്ക്കു പ്രതീക്ഷയായിരുന്നു. തന്റെ കൈപിടിച്ച് പ്രതിശ്രുത വരൻ നിഖിലിനെ ഏല്പിക്കാൻ അച്ഛൻ രാജൻ എത്തുമെന്ന് അവൾ ഉറച്ചു വിശ്വസിച്ചിരുന്നു. എന്നാൽ, നെടുവീർപ്പുകൾ സാക്ഷിയാക്കി, നിറകണ്ണുകളോടെ രേഖ നിഖിലിന്റെ ജീവിതസഖിയായി. അച്ഛന്റെ പൊള്ളുന്ന ഓർമത്തണലിൽ.
കഴിഞ്ഞ മെയ് മൂന്നാം തിയതിയാണ് സൈരന്ധ്രിയിലെ വാച്ചർ പുളിക്കഞ്ചേരി രാജനെ കാണാതാകുന്നത്. സൈലൻറ് വാലി, സൈരന്ധ്രിയിലെ വാച്ചർ രാജൻ അന്ന് രാത്രി ഭക്ഷണം കഴിച്ച് സമീപത്തെ ക്യാമ്പ് റൂമിലേക്ക് പോയതാണ്. പിന്നീട് ഇതുവരെ ആരും രാജനെ കണ്ടിട്ടില്ല.
വനംവകുപ്പ് , തണ്ടർബോൾട്ട് , പൊലീസ്, സ്നിഫർ ഡോഗ്, ഡ്രോൺ അടക്കമുള്ള സർവ്വ സന്നാഹങ്ങളും ഉപയോഗിച്ച് ദിവസങ്ങളോളം നടത്തിയ തിരച്ചിലിലും രാജനെ കണ്ടെത്താനായില്ല. ഒടുവിൽ അച്ഛൻറെ അസാന്നിധ്യത്തിൽ മകൾ വിവാഹ പന്തലിലെത്തി.
പാലക്കാട് അഗളിയിൽ വച്ച് ഇന്നലെയായിരുന്നു രാജൻറെ മകൾ രേഖയുടെ വിവാഹം. മണ്ണാർക്കാട് സ്വദേശി നിഖിൽ ആണ് വരൻ. മകളുടെ കഴുത്തിൽ താലിചാർത്തുമ്പോൾ, നിറചിരിയുമായി അടുത്ത് നിൽക്കേണ്ട രാജൻ ഇപ്പോൾ കാണാമറയത്ത്. രാജൻറെ അസാന്നിധ്യത്തിൽ ബന്ധുക്കൾ ചേർന്നാണ് കല്യാണ ഒരുക്കങ്ങൾ പൂർത്തിയാക്കിയത്. പക്ഷേ, അനുഗ്രഹിച്ച് ഭർതൃവീട്ടിലേക്ക് പറഞ്ഞയക്കേണ്ട രാജൻറെ അസാന്നിധ്യം രേഖയുടെ മനസ്സിൽ കടലാഴത്തിന് തുല്യം. വന്യമൃഗങ്ങൾ ഏറെയുള്ള കാട്ടിലാണ് രാജനെ കാണാതായത്. എന്നാൽ അവയുടെ ആക്രണം ഉണ്ടായതിന് ഒരു തെളിവുമില്ല. മൃഗങ്ങൾ ആക്രമിച്ചാൽ അലശിഷ്ടങ്ങളെങ്കിലും കിട്ടാറുണ്ട്. എന്നാൽ അതില്ലാത്തതാണ് ഈ സാധ്യത തള്ളിയത്. രാജനെ മാവോയിസ്റ്റ് ഭീകരർ തട്ടിക്കൊണ്ടു പോകാനുള്ള സാധ്യതയാണ് നിലവിൽ പരിശോധിക്കുന്നത്. മാവോയിസ്റ്റ് നീലഗിരി ഗ്രൂപ്പിന്റെ താവളങ്ങളിൽ പെടുന്ന വനമേഖലയാണ് സൈരന്ധ്രി. സമ്മർദത്തിനു വേണ്ടിയോ, കാട്ടിലെ ഊടുവഴികളും സുരക്ഷാപാതകളും മനസിലാക്കുന്നതിനോ വേണ്ടി രാജനെ റാഞ്ചിയതാണെന്ന സംശയം പ്രബലമാണ്. അത്യന്തം അപകടകരവും ദുഷ്കരവുമായ കാടിന്റെ ഉള്ളറകൾ നന്നായി മനസിലാക്കിയിട്ടുള്ള ആളാണ് രാജൻ. വന്യമൃഗങ്ങളുടെ ആക്രമണം ഉണ്ടായാൽ വളരെ വേഗത്തിൽ രക്ഷപ്പെടാനുള്ള അടവുകളും അറിയാം. ഈ സാധ്യത പരിഗണിച്ച് അദ്ദേഹത്തെ മാവോയിസ്റ്റുകൾ കസ്റ്റിഡിയിൽ വച്ചിരിക്കുകയാണെന്നാണ് ഒരു വിഭാഗം വനപാലകർ പറയുന്നത്