എസ്എൻസി ലാവ്ലിൻ കേസ് ഇന്നും മാറ്റിവെച്ചു

എസ്എൻസി ലാവ്ലിൻ കേസ് ഇന്നും മാറ്റിവെച്ചു

എസ്എൻസി ലാവ്ലിൻ കേസ് വീണ്ടും മാറ്റിവെച്ചു. ചീഫ് ജസ്റ്റിസ് യുയു ലളിത് അധ്യക്ഷനായ മൂന്നംഗ ബെഞ്ച് ഇന്നും ചേർന്നില്ല. ഇന്ന് രണ്ട് മണിക്കാണ് ലാവ്ലിൻ കേസ് ചേരാൻ നിശ്ചയിച്ചിരുന്നത്. അഞ്ചാമത്തെ കേസായി പരിഗണനാപട്ടികയിൽ ഉൾപ്പെടുത്തിയിരുന്നെങ്കിലും ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഭരണഘടനാ ബെഞ്ച് സാമ്പത്തിക സംവരണത്തിനെതിരായ ഹർജികളിൽ വാദം കേൾക്കുകയായിരുന്നു. ഉച്ചക്ക് ശേഷവും ഈ കേസിൽ വാദം തുടർന്നു. നിലവിൽ ഈ കേസിലെ ഇന്നത്തെ വാദം പൂർത്തിയായെങ്കിലും മറ്റ് കേസുകൾ പരിഗണനക്ക് വന്നില്ല. കഴിഞ്ഞ തവണയും സമാനമായ രീതിയിൽ ലാവ്ലിൻ കേസ് മാറ്റിവെക്കുകയായിരുന്നു.  

പിണറായി വിജയൻ ഉൾപ്പെടെയുള്ള മൂന്ന് പേരെ പ്രതിപ്പട്ടികയിൽ നിന്ന് ഒഴിവാക്കിയതിനെതിരെ 2017 ഡിസംബറിലാണ് സിബിഐ സുപ്രീം കോടതിയെ സമീപിക്കുന്നത്. കേസിൽ 2018 ജനുവരി 11 ന് സുപ്രീം കോടതി നോട്ടീസ് അയച്ചു. പിന്നീട് നാല് വർഷത്തിനിടെ മുപ്പതിലധികം തവണയാണ് ഹര്‍ജികള്‍ പരിഗണിക്കുന്നത് മാറ്റിവെച്ചത്. ഹര്‍ജി നിരന്തരം മാറി പോകുന്നെന്ന് കക്ഷി ചേർന്ന ടിപി നന്ദകുമാറിൻറെ അഭിഭാഷക എം.കെ അശ്വതി ചൂണ്ടിക്കാട്ടിയതിനെ തുടര്‍ന്നാണ് കോടതി ഇനി മാറ്റരുതെന്ന പുതിയ നിര്‍ദേശം നൽകിയത്. ഇത് സംബന്ധിച്ച ഉത്തരവും കോടതി ഇറക്കിയിട്ടുണ്ട്