മുനിസിപ്പാലിറ്റി, കോർപ്പറേഷൻ തെരഞ്ഞെടുപ്പിൽ കെട്ടിവയ്ക്കേണ്ട തുക വർധിപ്പിച്ചു
മുനിസിപ്പാലിറ്റി, കോർപ്പറേഷൻ വാർഡുകളിൽ മത്സരിക്കുന്ന സ്ഥാനാർഥികൾ നാമനിർദേശ പത്രികയോടൊപ്പം കെട്ടിവയ്ക്കേണ്ട തുക വർധിപ്പിച്ച് സർക്കാർ ഉത്തരവായി. മുനിസിപ്പാലിറ്റിയിൽ 4000 രൂപയും (നിലവിൽ 2000 രൂപ), കോർപ്പറേഷനിൽ 5000 രൂപയും (നിലവിൽ 3000 രൂപ) ആണ് വർധിപ്പിച്ചത്.
പട്ടികജാതി/ പട്ടികവർഗക്കാർക്കുള്ള നിക്ഷേപം നിർദിഷ്ട തുകയുടെ പകുതിയാണ്. മുനിസിപ്പാലിറ്റി, കോർപ്പറേഷനുകളിൽ നടക്കാനിരിക്കുന്ന ഉപതെരഞ്ഞെടുപ്പു മുതൽ ഇത് ബാധകമായിരിക്കും. കേരള മുനിസിപ്പാലിറ്റി നിയമത്തിലെ പ്രസക്ത ചട്ടത്തിന് ഭേദഗതി വരുത്തിയാണ് സർക്കാർ തുക വർധിപ്പിച്ചത്.
പഞ്ചായത്ത് രാജ് നിയമത്തിൽ സമാന ഭേദഗതി വരുത്തി ഗ്രാമപഞ്ചായത്തിന് 2000 രൂപ, ബ്ലോക്ക് പഞ്ചായത്തിന് 4000 രൂപ, ജില്ലാ പഞ്ചായത്തിന് 5000 രൂപ എന്നിങ്ങനെ നിക്ഷേപ തുക വർധിപ്പിച്ചിരുന്നു