ശങ്കരനാരായണന് നാടിന്റെ അന്ത്യാഞ്ജലി
പാലക്കാട്: ഇന്നലെ അന്തരിച്ച മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ ശങ്കര നാരായണന്‍റെ സംസ്കാരം ഇന്ന്. അദ്ദേഹത്തിന്‍റെ അമ്മ വീടായ ഷൊര്‍ണൂരിനടുത്തെ പൈങ്കുളത്താണ് സംസ്കാരച്ചടങ്ങുകള്‍. ഇന്ന് ഉച്ചതിരിഞ്ഞ് രണ്ട് മണിവരെ പാലക്കാട് ശേഖരിപുരത്തെ വീട്ടില്‍ മൃതദേഹം പൊതുദര്‍ശനത്തിന് വയ്ക്കും. കോണ്‍ഗ്രസ് നേതാക്കള്‍ വസതിയിലെത്തി അന്തിമോപചാരം അര്‍പ്പിക്കും. തുടര്‍ന്ന് മൂന്ന് മണി വരെ പാലക്കാട് ഡിസിസി ഓഫീസില്‍ പൊതു ദര്‍ശനം. പിന്നീട് പൈങ്കുളത്തേക്ക് കൊണ്ട് പോകും. ഇന്നലെ രാത്രി 8.50 നാണ് ശങ്കരനാരായണന്‍റെ വിയോഗം. പക്ഷാഘാതത്തെത്തുടര്‍ന്ന് ഒന്നരവര്‍ഷമായി വീട്ടില്‍ ചികിത്സയിലായിരുന്നു. കേരളത്തിന്റെ ധനകാര്യമന്ത്രിയായിരുന്നു കെ ശങ്കര നാരായണന്‍. നാഗാലാൻ്റ്, അരുണാചൽ, അസം, ജാർഖണ്ഡ് ,മഹാരാഷ്ട്ര എന്നിവിടങ്ങളിലാണ് അദ്ദേഹം ഗവർണറായിരുന്നത്. ഗോവയുടേയും ചുമതല വഹിച്ചിരുന്നു. 6 സംസ്ഥാനങ്ങളിൽ ഗവർണറായ ഏക മലയാളിയാണ് അദ്ദേഹം. സിപിഎമ്മിന്റെ കോട്ടയായിരുന്ന പാലക്കാട് കോണ്‍ഗ്രസിനെ വളര്‍ത്തി സംസ്ഥാന നേതൃത്വത്തിലേക്കെത്തിയ വ്യക്തിയാണ് കെ ശങ്കരനാരായണൻ. മന്ത്രി പദവും ഗവര്‍ണർ സ്ഥാനവുമൊക്കെ അലങ്കരിച്ച ശങ്കരനാരായണൻ അവസാന കാലത്തും രാജ്യത്ത് കോണ്‍ഗ്രസിന്റെ തിരിച്ചുവരവിനായി അതിയായി ആഗ്രഹിച്ച വ്യക്തി കൂടിയാണ്. കോണ്‍ഗ്രസ് രാഷ്ട്രീയത്തിന്‍റെ അണിയറകഥകളേറെയറിയാമായിരുന്നിട്ടും വിവാദങ്ങളൊഴിവാക്കിയായിരുന്നു പാലക്കാടുകാരുടെ സ്വന്തം ശങ്കര്‍ ജി ആത്മകഥയായ അനുപമം ജീവിതം എഴുതിത്തീര്‍ത്തത് .