ഭാഗ്യം തുണച്ചാല്‍ കൊച്ചി കോര്‍പ്പറേഷന്‍ യുഡിഎഫ് ഭരിക്കും

ഭാഗ്യം തുണച്ചാല്‍ കൊച്ചി കോര്‍പ്പറേഷന്‍ യുഡിഎഫ് ഭരിക്കും

കൊച്ചി: അടുത്ത മാസം 17ന് കൊച്ചി നഗരസഭ 62-ാം ഡിവിഷനില്‍ നടക്കുന്ന ഉപതെരഞ്ഞെടുപ്പ് ഏറെ നിര്‍ണായകമാവുക എല്‍ഡിഎഫിന്. സ്വതന്ത്ര കൗണ്‍സിലര്‍മാരുടെ പിന്തുണയില്‍ ഭരണം തുടരുന്ന കൊച്ചി കോര്‍പ്പറേഷനില്‍ അടുത്ത മാസം നടക്കുന്ന ഉപതെരഞ്ഞെടുപ്പ് വിജയിച്ചില്ലെങ്കില്‍ എല്‍ഡിഎഫ് കടുത്ത സമ്മര്‍ദ്ദത്തിലാകും.  ബിജെപിയുടെ സിറ്റിംഗ് സീറ്റ് യുഡിഎഫ് പിടിച്ചെടുത്താല്‍ നിലവിലെ എല്‍ഡിഎഫിന്റെ ഭൂരിപക്ഷം നാല് സീറ്റായി കുറയും.അടുത്ത മാസം ഹൈക്കോടതിയില്‍ നിന്ന് ഉത്തരവ് പ്രതീക്ഷിക്കുന്ന ഐലന്‍ഡ് നോര്‍ത്ത് ഡിവിഷനിലെ തെരഞ്ഞെടുപ്പ് കേസും യുഡിഎഫിന് അനുകൂലമായാല്‍ നഗരസഭയില്‍ ഭരണം പിടിച്ചെടുക്കാനാകുമെന്ന പ്രതീക്ഷയിലാണ് കോണ്‍ഗ്രസ്. മുന്നണികളുടെ ആത്മവിശ്വാസമാണ് സ്ഥാനാര്‍ത്ഥികളുടെ വാക്കുകളിലും പ്രതിഫലിക്കുന്നത്. കോര്‍പ്പറേഷനിലെ നിലവിലെ കക്ഷിനിലയാണ് എല്ലാവരുടെയും ചങ്ക് ഇടിപ്പിക്കുന്നത്. മൊത്തം 74 ഡിവിഷനുകള്‍. തെരഞ്ഞെടുപ്പില്‍ 34 ഇടത്ത് ജയിച്ച എല്‍ഡിഎഫ്, യുഡിഎഫ് വിമതരുടെ കൂടി പിന്തുണയിലാണ് 37 സീറ്റ് ഉറപ്പാക്കി ഭരണം തുടരുന്നത്. പ്രതിപക്ഷമായ യുഡിഎഫിന് 32. ബിജെപിക്ക് അഞ്ച് സീറ്റും. ബിജെപിയില്‍ നിന്ന് 62ആം ഡിവിഷന്‍ കോണ്‍ഗ്രസ് തിരിച്ച് പിടിച്ചാല്‍ എല്‍ഡിഎഫിന്റെ ഭൂരിപക്ഷം ഒരു സീറ്റ് കൂടി കുറയും. ഇതിനിടെ ഐലന്‍ഡ് നോര്‍ത്ത് ഡിവിഷനിലെ തെരഞ്ഞെടുപ്പ് കേസില്‍ മെയ് 18ന് ശേഷം ഹൈക്കോടതിയില്‍ നിന്ന് ഉത്തരവുണ്ടാകും. ഡിവിഷനില്‍ ഒരു വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ബിജെപി സ്ഥാനാര്‍ത്ഥി ജയിച്ചതിനെതിരെയാണ് യുഡിഎഫിന്റെ മേയര്‍ സ്ഥാനാര്‍ത്ഥിയായിരുന്ന എന്‍ വേണുഗോപാല്‍ ഹൈക്കോടതിയെ സമീപിച്ചത്. രജിസ്റ്ററിലെയും വോട്ടിംഗ് മെഷീനിലെയും വോട്ട് തുല്യമാക്കാന്‍ നിയമവിരുദ്ധമായി പ്രിസൈഡിംഗ് ഓഫീസര്‍ ചെയ്ത വോട്ടാണ് തന്റെ തോല്‍വിക്ക് കാരണമെന്നാണ് വേണുഗോപാലിന്റെ വാദം. വേണുഗോപാലിന്റെ റീപോളിംഗ് ആവശ്യം കോടതി അംഗീകരിച്ചാല്‍ അവിടെയും ഉപതെരഞ്ഞെടുപ്പ് വേണ്ടി വരും. ഈ സീറ്റ് കൂടി യുഡിഎഫ് സീറ്റ് പിടിച്ചെടുത്താല്‍ കക്ഷിനില ഒപ്പത്തിനൊപ്പമാകും. ഇതോടെ സ്വതന്ത്ര കൗണ്‍സിലര്‍മാര്‍ കൈക്കൊള്ളുന്ന നിലപാട് നിര്‍ണ്ണായകമാകും.