വാളയാര്‍ കേസില്‍ ഡി.വൈ.എസ്.പി സോജനെതിരെ ക്രിമിനല്‍ കേസെടുക്കുമെന്ന് കോടതി

രണ്ടു പെൺകുട്ടികൾ ദുരൂഹ സാഹചര്യത്തിൽ മരിച്ച കേസിൽ

വാളയാര്‍ കേസില്‍ ഡി.വൈ.എസ്.പി സോജനെതിരെ ക്രിമിനല്‍ കേസെടുക്കുമെന്ന് കോടതി

 വാളയാറില്‍ രണ്ട് പെണ്‍കുട്ടികള്‍ ദുരൂഹ സാഹചര്യത്തില്‍ കൊല്ലപ്പെട്ട സംഭവത്തില്‍ കേസന്വേഷിച്ചിരുന്ന ഡി.വൈ.എസ്.പി സോജനെതിരെ ക്രിമിനല്‍ കേസെടുക്കുമെന്ന് കോടതി. പാലക്കാട് പ്രത്യേക പോക്സോ കോടതിയുടേതാണ് വിധി. വാളയാര്‍ കേസില്‍ ഡി.വൈ.എസ്.പി സോജന് വീഴ്ച പറ്റിയെന്ന് നേരത്തെ ആരോപണം ഉയര്‍ന്നിരുന്നു.

പെണ്‍കുട്ടികള്‍ ഉഭയസമ്മത പ്രകാരം ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടെന്ന സോജന്റെ പരാമര്‍ശവും ഏറെ വിവാദമായിരുന്നു. അട്ടിമറികളേറെ നടന്ന സമാനതകളില്ലാത്ത കേസ് കൂടിയാണ് വാളയാറിലെ പെണ്‍കുട്ടികളുടെ മരണം. 2017 ജനുവരി ഏഴിനാണ് അട്ടപ്പള്ളത്തെ വീട്ടില്‍ 13 വയസുകാരിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. രണ്ടുമാസങ്ങള്‍ക്ക് ശേഷം മാര്‍ച്ച് നാലിന് ഇളയ മകളായ ഒമ്പത് വയസുകാരിയേയും ഇതേ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. വീടിന്റെ ഉത്തരത്തില്‍ ഒമ്പത് വയസുകാരിക്ക് തൂങ്ങാനാവില്ലെന്ന വാദങ്ങള്‍ ഉയര്‍ന്നതോടെയാണ് സംഭവത്തില്‍ സംശയം ബലപ്പെടുന്നത്. 13കാരിയുടെ മരണത്തിലെ ഏക ദൃക്സാക്ഷി കൂടിയായിരുന്ന ഒമ്പതുകാരിയുടെ മരണം കൊലപാതകമാകാമെന്ന നിഗമനം അന്വേഷണ ഉദ്യോഗസ്ഥരും മുന്നോട്ടുവച്ചു. ഇതോടെ മാര്‍ച്ച് ആറിനാണ് കേസുമായി ബന്ധപ്പെട്ട് അന്വേഷണം ഊര്‍ജ്ജിതമാക്കുന്നത്. അന്നത്തെ എ.എസ്.പി ജി.പൂങ്കുഴലിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണം സംഘം തൊട്ടടുത്ത ദിവസം തന്നെ പോസ്റ്റ്മാര്‍ട്ടം റിപ്പോര്‍ട്ട് പുറത്തെത്തിച്ചിരുന്നു. മരിച്ച രണ്ട് പെണ്‍കുട്ടികളും പ്രകൃതി വിരുദ്ധ പീഢനത്തിന് ഇരയായിട്ടുണ്ടെന്നായിരുന്നു റിപ്പോര്‍ട്ടിലെ നിര്‍ണായക വെളിപ്പെടുത്തല്‍.