വാട്സാപ്പിൽ ഇനി പി.ഡി.എഫ് തുറക്കാൻ കൂടുതൽ എളുപ്പം
Adobe integrates PDF viewing and editing tools directly into WhatsApp Web and Windows
വാട്സാപ്പിൽ ലഭിക്കുന്ന പിഡിഎഫ് ഫയലുകൾ കാണാൻ ഇനി ഓരോ തവണയും ഡൗൺലോഡ് ചെയ്ത് മറ്റൊരു ആപ്പ് തുറക്കേണ്ട സാഹചര്യം കുറയുന്നു. വാട്സാപ്പ് വെബിലും വിൻഡോസ് ഡെസ്ക്ടോപ്പ് ആപ്പിലും അഡോബി അക്രോബാറ്റിന്റെ (Adobe Acrobat) പിഡിഎഫ് സൗകര്യങ്ങൾ നേരിട്ട് ലഭ്യമാക്കുന്ന പുതിയ സംയോജനം (Integration) അഡോബി പ്രഖ്യാപിച്ചു. ഇതിലൂടെ ചാറ്റിൽ നിന്ന് പുറത്തുപോകാതെ തന്നെ പിഡിഎഫ് ഫയലുകൾ തുറന്ന് വായിക്കാനും അടിസ്ഥാന മാർക്കപ്പ് പ്രവർത്തനങ്ങൾ നടത്താനും ഉപയോക്താക്കൾക്ക് സാധിക്കും.
പുതിയ സൗകര്യം ആഗോളതലത്തിൽ ഘട്ടംഘട്ടമായി ലഭ്യമാക്കിത്തുടങ്ങിയതായി അഡോബി അറിയിച്ചു. നിലവിൽ ഇത് WhatsApp Web-ലും WhatsApp Desktop for Windows-ലുമാണ് ലഭിക്കുക. മൊബൈൽ വാട്സാപ്പിലോ macOS ഡെസ്ക്ടോപ്പ് പതിപ്പിലോ ഈ സൗകര്യം നിലവിൽ ലഭ്യമല്ല.
ഈ ഫീച്ചർ ഉപയോഗിച്ച് വാട്സാപ്പിൽ ലഭിക്കുന്ന പിഡിഎഫ് ഫയലുകൾ ഡൗൺലോഡ് ചെയ്യാതെ തന്നെ ചാറ്റിനുള്ളിൽ തുറന്ന് വായിക്കാം. സൂം ചെയ്യാനും സ്ക്രോൾ ചെയ്യാനും സാധിക്കും. കൂടാതെ ടെക്സ്റ്റുകൾ ഹൈലൈറ്റ് ചെയ്യുക, അണ്ടർലൈൻ ചെയ്യുക, സ്ട്രൈക്ക്-ത്രൂ ചേർക്കുക, ഡോക്യുമെന്റിൽ വരയ്ക്കുക തുടങ്ങിയ മാർക്കപ്പ് സൗകര്യങ്ങളും ലഭിക്കും.
കൂടുതൽ വിപുലമായ എഡിറ്റിംഗ് ആവശ്യമാണെങ്കിൽ "Edit in Acrobat" എന്ന ഓപ്ഷൻ ഉപയോഗിച്ച് Adobe Acrobat-ലേക്ക് നേരിട്ട് പോകാം. അവിടെ ടെക്സ്റ്റ് തിരുത്തുക, പേജുകൾ ക്രമീകരിക്കുക, ഇ-സിഗ്നേച്ചർ ചേർക്കുക, പാസ്‌വേഡ് സംരക്ഷണം നൽകുക തുടങ്ങിയ സൗകര്യങ്ങൾ ഉപയോഗിക്കാനാകും. എന്നാൽ ഈ അഡ്വാൻസ്ഡ് ഫീച്ചറുകളിൽ ചിലത് Acrobat സബ്‌സ്‌ക്രിപ്ഷൻ ഉള്ളവർക്ക് മാത്രമായിരിക്കും ലഭിക്കുക.
സുരക്ഷയ്ക്കും അഡോബി പ്രാധാന്യം നൽകുന്നുണ്ട്. പാസ്‌വേഡ് സംരക്ഷിച്ച പിഡിഎഫ് ഫയലുകൾ അതേ സുരക്ഷയോടെ തന്നെ തുറക്കാനാകും. വാട്സാപ്പിലൂടെ കൈമാറുന്ന ഡോക്യുമെന്റുകൾ മറ്റ് സന്ദേശങ്ങളെപ്പോലെ എൻഡ്-ടു-എൻഡ് എൻക്രിപ്ഷനിൽ തുടരുമെന്നും അതിനാൽ ചാറ്റിലുള്ളവർക്ക് മാത്രമേ അവ കാണാനാകൂ എന്നും കമ്പനി വ്യക്തമാക്കുന്നു.

ദൈനംദിന ജോലികൾ കൂടുതൽ എളുപ്പമാക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ സംയോജനം അവതരിപ്പിച്ചിരിക്കുന്നത്. ഇൻവോയ്‌സുകൾ പരിശോധിക്കുന്ന ചെറുകിട സംരംഭകർക്ക്, കരാറുകൾ വിലയിരുത്തുന്ന പ്രൊഫഷണലുകൾക്ക്, അസൈൻമെന്റുകളിൽ അധ്യാപകരുടെ അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്ന വിദ്യാർഥികൾക്കും അധ്യാപകർക്കും, യാത്രാ രേഖകളും ഫോമുകളും കൈകാര്യം ചെയ്യുന്ന സാധാരണ ഉപയോക്താക്കൾക്കും ഇത് പ്രയോജനപ്പെടുമെന്നാണ് അഡോബിയുടെ വിലയിരുത്തൽ.
ക്രോം, മൈക്രോസോഫ്റ്റ് 365, കോപൈലറ്റ്, ചാറ്റ്ജിപിടി, വർക്ക്ഡേ തുടങ്ങിയ വിവിധ പ്ലാറ്റ്ഫോമുകളിലേക്ക് അക്രോബാറ്റ് സേവനങ്ങൾ വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായാണ് വാട്സാപ്പുമായുള്ള ഈ പുതിയ സംയോജനവും അവതരിപ്പിച്ചിരിക്കുന്നതെന്ന് അഡോബി അറിയിച്ചു.