വിനു വി ജോണിന്റെ പരാമര്‍ശം ; ഏഷ്യനെറ്റ് ഓഫീസില്‍ തൊഴിലാളി സംഘടനകളുടെ പ്രതിഷേധം ഇരമ്പി
ഏഷ്യനെറ്റ് ഓഫീസില്‍ തൊഴിലാളി സംഘടനകളുടെ പ്രതിഷേധം ഇരമ്പി
തിരുവനന്തപുരം: ചാനല്‍ ചര്‍ച്ചയ്ക്കിടെ സിഐടിയു സംസ്ഥാന ജനറല്‍ സെക്രട്ടറിയും സിപിഐ എം എം രാജ്യസഭാ കക്ഷി നേതാവുമായ എളമരം കരിമിനെ ആക്രമിക്കാന്‍ ആഹ്വാനം നല്‍കിയ ഏഷ്യാനെറ്റ് ന്യൂസ് ചാനല്‍ ഓഫീസിലേക്ക് തൊഴിലാളി സംഘടനകള്‍ മാര്‍ച്ച് സംഘടിപ്പിച്ചു. ദ്വിദിന പണിമുടക്ക് ജനജീവിതം സ്തംഭിപ്പിച്ചോ എന്ന വിഷയത്തില്‍ 28 ന് രാത്രി 8 ന് ഏഷ്യാനെറ്റ് ന്യൂസ്ചാനല്‍ നടത്തിയ ചര്‍ച്ച നയിച്ച വിനു വി ജോണ്‍ എളമരം കരീം കുടുംബ സമേതം കാറില്‍ സഞ്ചരിക്കുമ്പോള്‍ തടഞ്ഞ് നിര്‍ത്തി കാര്‍ അടിച്ച് തകര്‍ക്കണമെന്നും കാറില്‍ നിന്ന് കുടുംബാംഗങ്ങളെ ഇറക്കിവിടണമെന്നും കരീമിന്റെ കരണകുറ്റി അടിച്ച് പൊട്ടിക്കണമെന്നും പറഞ്ഞു. ഒരു മാധ്യമ പ്രവര്‍ത്തകന്റെ നിലവാരം അത്ര അധപതിച്ച കാഴ്ചയാണ് കണ്ടതെന്ന് ഐഎന്‍ടിയുസി നേതാവ് ആര്‍ ചന്ദ്രശേഖരന്‍ പറഞ്ഞു. ഇത് തൊഴിലാളിവര്‍ഗത്തോടുള്ള വെല്ലുവിളിയാണ്. എളമരം കരീമിനെപ്പോലെ ഉന്നത സ്ഥാനീയനായ ഒരു തൊഴിലാളി നേതാവിനെ ഒറ്റപ്പെടുത്തി ആക്രമിക്കാനുള്ള നീക്കം വച്ചു പൊറുപ്പിക്കാനില്ല. അഞ്ചു മാസക്കാലമായി അതി വിപുലമായ പ്രചരണം പണിമുടക്കിന്റെ സന്ദേശം ജനങ്ങളില്‍ എത്തിക്കുവാന്‍ കഴിഞ്ഞിട്ടുണ്ട്. യാത്രകള്‍ ഒഴിവാക്കിയും കടകള്‍ അടച്ചും പണിമുടക്കി സഹകരിക്കണമെന്ന് തൊഴിലാളികള്‍ മുക്കിലും മൂലയിലും പോയി പ്രചരിപ്പിച്ചു. എല്ലാ ജില്ലകളിലും പത്രസമ്മേളനം നടത്തി. എന്നിട്ടും തൊഴിലാളി പണിമുടക്കിന് ഒരു ചരമ കോളത്തിന്റെ പ്രാധാന്യം പോലും നല്‍കാതിരുന്ന മാധ്യമങ്ങളുടെ അജണ്ടയെ പ്രസംഗ മധ്യേ പരാമര്‍ശിച്ചതിനാണ് വിനു ജോണ്‍ തന്റെ മളേച്ഛമായ ഭാഷ ഉപയോഗിച്ച് ആക്ഷേപിച്ചതെന്ന് ട്രേഡ് യൂണിയന്‍ നേതാക്കള്‍ പറഞ്ഞു.