വഴിയോര കച്ചവടക്കാർക്കായി നിർമ്മിച്ച മുറികൾ മേൽവാടകയ്ക്ക് നൽകിയതായി പരാതി
വഴിയോര കച്ചവടക്കാർക്കായി നിർമ്മിച്ച മുറികളിൽ മൊബൈൽ ഫോൺ കടകൾ; മേൽവാടക നൽകിയെന്ന പരാതിയിൽ നഗരസഭ പരിശോധന നടത്തുമെന്ന് അധികൃതർ
കാസർകോട്: നഗരസഭയുടെ പുതിയ ബസ് സ്റ്റാൻഡിൽ വഴിയോര കച്ചവടക്കാരെ പുനരധിവസിപ്പിക്കുന്നതിനായി കേന്ദ്ര സർക്കാർ പദ്ധതിയുടെ ഭാഗമായി നിർമ്മിച്ച കെട്ടിടത്തിലെ മുറികൾ മേൽവാടകയ്ക്ക് നൽകുന്നതായി പരാതി.
കഴിഞ്ഞ ഒരാഴ്ചയായി കെട്ടിടത്തിലെ നിരവധി മുറികളിൽ മൊബൈൽ ഫോൺ റിപ്പയർ, സർവീസ് തുടങ്ങിയ വ്യാപാര പ്രവർത്തനങ്ങൾ നടക്കുന്നതായാണ് പരാതി. വഴിയോര കച്ചവടക്കാർക്കായി അനുവദിച്ച മുറികൾ മറ്റ് വ്യക്തികൾക്ക് വാടകയ്ക്ക് നൽകിയിട്ടുണ്ടോ എന്നതിലും സംശയം ഉയർന്നിട്ടുണ്ട്.
പല മുറികളും യഥാർത്ഥ ഗുണഭോക്താക്കൾ ഉപയോഗിക്കുന്നതിന് പകരം മറ്റുള്ളവർക്ക് മേൽവാടകയ്ക്ക് നൽകിയതായാണ് ആരോപണം. നഗരസഭ അധികൃതർ പരിശോധനയ്ക്കായി എത്തുന്ന സമയത്ത് മാത്രമാണ് യഥാർത്ഥ ഗുണഭോക്താക്കൾ കടകളിൽ എത്തുന്നതെന്നും മറ്റ് സമയങ്ങളിൽ ഇവർ നഗരത്തിലെ വിവിധ ഭാഗങ്ങളിൽ വഴിയോര കച്ചവടത്തിൽ ഏർപ്പെടുന്നതായും പരാതിക്കാർ പറയുന്നു.
അതേസമയം, പദ്ധതിയുടെ മാനദണ്ഡങ്ങൾക്ക് വിരുദ്ധമായി കെട്ടിടത്തിലെ മുറികൾ ഉപയോഗിക്കുന്നതോ കച്ചവടം നടത്തുന്നതോ നഗരസഭയുടെ ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്ന് അധികൃതർ വ്യക്തമാക്കി. ഇത്തരത്തിൽ പരാതി ലഭിച്ചാൽ വിഷയം പരിശോധിക്കുകയും പദ്ധതിയുടെ മാനദണ്ഡങ്ങൾ ലംഘിച്ചതായി കണ്ടെത്തിയാൽ ബന്ധപ്പെട്ടവർക്കെതിരെ നടപടി സ്വീകരിക്കുകയും ചെയ്യുമെന്ന് നഗരസഭ അധികൃതർ അറിയിച്ചു.
വഴിയോര കച്ചവടക്കാരുടെ പുനരധിവാസത്തിനായി സർക്കാർ ഫണ്ട് ഉപയോഗിച്ച് ഒരുക്കിയ സൗകര്യങ്ങൾ യഥാർത്ഥ ഗുണഭോക്താക്കൾക്ക് തന്നെ ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ പരിശോധന നടത്തണമെന്ന ആവശ്യവും ഉയർന്നിട്ടുണ്ട്.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Wow
0
Sad
0
Angry
0
Comments (0)