സവർക്കർ പരാമർശം: രാഹുൽ ഗാന്ധിക്കെതിരായ കേസ് സുപ്രീംകോടതി റദ്ദാക്കി.
പ്രോസിക്യൂഷൻ അനുമതി നൽകിയിട്ടില്ലെന്ന് യു.പി. സർക്കാർ; ലഖ്‌നൗ കോടതി പുറപ്പെടുവിച്ച സമൻസും റദ്ദാക്കി സുപ്രീംകോടതി
ന്യൂഡൽഹി: വി.ഡി. സവർക്കറെക്കുറിച്ച് നടത്തിയ പരാമർശങ്ങളുടെ പേരിൽ ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരെ ഉത്തർപ്രദേശിൽ നിലനിന്നിരുന്ന ക്രിമിനൽ കേസ് സുപ്രീംകോടതി റദ്ദാക്കി. സ്വകാര്യ ക്രിമിനൽ പരാതിയുടെ അടിസ്ഥാനത്തിൽ ലഖ്‌നൗ കോടതിയിൽ ആരംഭിച്ച കേസും ഇതിന്റെ ഭാഗമായി പുറപ്പെടുവിച്ച സമൻസുമാണ് സുപ്രീംകോടതി റദ്ദാക്കിയത്.
രാഹുൽ ഗാന്ധിക്കെതിരെ പ്രോസിക്യൂഷൻ അനുമതി നൽകിയിട്ടില്ലെന്ന് ഉത്തർപ്രദേശ് സർക്കാർ സുപ്രീംകോടതിയിൽ വ്യക്തമാക്കിയിരുന്നു. ഇന്ത്യൻ ശിക്ഷാനിയമത്തിലെ 153-എ വകുപ്പ് പ്രകാരമുള്ള കേസിൽ സംസ്ഥാന സർക്കാരിന്റെ അനുമതി നിർബന്ധമാണെന്ന് കോടതി ചൂണ്ടിക്കാട്ടി. ആവശ്യമായ അനുമതി ഇല്ലാത്ത സാഹചര്യത്തിലാണ് കേസിലെ തുടർനടപടികൾ റദ്ദാക്കിയത്.
ജസ്റ്റിസുമാരായ ദീപാങ്കർ ദത്ത, ഷീൽ നാഗു എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിച്ചത്. വിവിധ വിഭാഗങ്ങൾക്കിടയിൽ ശത്രുത വളർത്തിയെന്നാരോപിച്ച് IPC 153-എ, 505 വകുപ്പുകൾ പ്രകാരം വിചാരണ നേരിടാൻ ലഖ്‌നൗ മജിസ്ട്രേറ്റ് കോടതി പുറപ്പെടുവിച്ച സമൻസ് ചോദ്യം ചെയ്താണ് രാഹുൽ ഗാന്ധി സുപ്രീംകോടതിയെ സമീപിച്ചത്. നേരത്തെ അലഹാബാദ് ഹൈക്കോടതി വിഷയത്തിൽ ഇടപെടാൻ വിസമ്മതിച്ചിരുന്നു.
2022 നവംബർ 17-ന് ഭാരത് ജോഡോ യാത്രയ്ക്കിടെ നടത്തിയ പ്രസംഗത്തിലാണ് രാഹുൽ ഗാന്ധി സവർക്കറെക്കുറിച്ച് പരാമർശിച്ചത്. സവർക്കർ ബ്രിട്ടീഷുകാരെ സഹായിച്ചിരുന്നുവെന്നും ബ്രിട്ടീഷ് ഭരണകൂടത്തിൽനിന്ന് പെൻഷൻ വാങ്ങിയിരുന്നുവെന്നും രാഹുൽ ഗാന്ധി ആരോപിച്ചിരുന്നു.
പരാമർശം സമൂഹത്തിൽ വിദ്വേഷവും അസ്വാരസ്യവും സൃഷ്ടിക്കാൻ ഉദ്ദേശിച്ചുള്ളതാണെന്ന് ആരോപിച്ച് അഭിഭാഷകൻ നൃപേന്ദ്ര പാണ്ഡെ ലഖ്‌നൗവിലെ വിചാരണ കോടതിയിൽ സ്വകാര്യ ക്രിമിനൽ പരാതി നൽകി. ആദ്യം പരാതി തള്ളിയെങ്കിലും സെഷൻസ് കോടതി ഇടപെട്ടതിനെ തുടർന്ന് വിഷയം വീണ്ടും പരിഗണിച്ചു. തുടർന്ന് ലഖ്‌നൗ മജിസ്ട്രേറ്റ് രാഹുൽ ഗാന്ധിക്കെതിരെ സമൻസ് പുറപ്പെടുവിക്കുകയായിരുന്നു.
2025 ഏപ്രിലിൽ കേസ് പരിഗണിച്ച സുപ്രീംകോടതി ബെഞ്ച് ലഖ്‌നൗ കോടതി പുറപ്പെടുവിച്ച സമൻസിന്റെ തുടർനടപടികൾ സ്റ്റേ ചെയ്തിരുന്നു. അതേസമയം, സവർക്കറെക്കുറിച്ചുള്ള രാഹുൽ ഗാന്ധിയുടെ പരാമർശത്തിൽ കോടതി അതൃപ്തി രേഖപ്പെടുത്തുകയും ഇത്തരം പരാമർശങ്ങൾ ആവർത്തിച്ചാൽ സ്വമേധയാ കോടതിയലക്ഷ്യ നടപടികൾ സ്വീകരിക്കേണ്ടിവരുമെന്ന് മുന്നറിയിപ്പ് നൽകുകയും ചെയ്തിരുന്നു.
രാഹുൽ ഗാന്ധിയുടെ മുത്തശ്ശിയും മുൻ പ്രധാനമന്ത്രിയുമായ ഇന്ദിരാഗാന്ധി സവർക്കറെ പ്രശംസിച്ച് കത്തെഴുതിയിരുന്ന കാര്യവും അന്ന് കോടതി ചൂണ്ടിക്കാട്ടിയിരുന്നു.
നിലവിലെ കേസിൽ പരാമർശത്തിന്റെ രാഷ്ട്രീയ ഉള്ളടക്കത്തെക്കാൾ പ്രധാനമായും നിയമപരമായ നടപടിക്രമങ്ങളാണ് സുപ്രീംകോടതി പരിഗണിച്ചത്. പ്രോസിക്യൂഷൻ അനുമതി ലഭിച്ചിട്ടില്ലെന്ന് സംസ്ഥാന സർക്കാർ വ്യക്തമാക്കിയതോടെ ലഖ്‌നൗ കോടതിയിലെ നടപടികൾക്കും സമൻസിനും നിയമപരമായ അടിത്തറയില്ലെന്ന് വിലയിരുത്തിയാണ് സുപ്രീംകോടതി കേസ് റദ്ദാക്കിയത്.
What's Your Reaction?
Like
1
Dislike
0
Love
0
Funny
0
Wow
0
Sad
0
Angry
0
Comments (0)