KPCC അധ്യക്ഷ പട്ടികയില്‍ ; ഇനി 4 പേര്‍ മാത്രം ; ലിസ്റ്റ് പുറത്ത്
കെപിസിസി അധ്യക്ഷനെ കണ്ടെത്താനുള്ള ചർച്ചകൾ അന്തിമഘട്ടത്തിലേക്ക്; പ്രമുഖ നേതാക്കളുടെ പേരുകൾ പരിഗണനയിൽ.
ഇനി ഒരു മാസം കൂടെ .. കെപിസിസിയുടെ അമരക്കാരൻ ആരെന്ന് അറിയാം. അതിനായി നിർണ്ണായക നീക്കങ്ങളുമായി കോൺഗ്രസ് ഹൈക്കമാൻഡ് മുമ്പോട്ട് പോകുമ്പോൾ പാർട്ടി അധ്യക്ഷ പദവിയിലേക്ക് പ്രമുഖ നേതാക്കളുടെ നീണ്ട നിര തന്നെ പരിഗണനയിലുണ്ട്. വിഷയം ചർച്ച ചെയ്യുന്നതിനായി കേരളത്തിന്റെ ചുമതലയിലുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറി ദീപ ദാസ് മുൻഷി വരും ദിവസങ്ങളിൽ കോൺഗ്രസ് പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെ, രാഹുൽ ഗാന്ധി എന്നിവരുമായി ഡൽഹിയിൽ വച്ച് കൂടിക്കാഴ്ച നടത്തും. സംസ്ഥാനത്തെ നിലവിലെ രാഷ്ട്രീയ-സംഘടനാ സാഹചര്യങ്ങൾ വ്യക്തമാക്കുന്ന വിശദമായ റിപ്പോർട്ട് കേന്ദ്ര നേതൃത്വത്തിന് കൈമാറിയ ശേഷം ദീപാ ദാസ്മുൻഷി കേരളത്തിലെത്തി പ്രധാന നേതാക്കളുമായി നേരിട്ട് വിശദമായ ചർച്ചകൾ നടത്താനാണ് പദ്ധതിയിടുന്നത്. സംസ്ഥാന തലത്തിൽ നടക്കുന്ന വിവിധ ഘട്ടങ്ങളിലുള്ള കൂടിയാലോചനകൾക്ക് ശേഷം മുതിർന്ന നേതാക്കളെ ഹൈക്കമാൻഡ് തന്നെ ഡൽഹിയിലേക്ക് വിളിപ്പിക്കും.പുതിയ പ്രസിഡന്റിനെ നിശ്ചയിക്കുന്നതിൽ മുഖൈമന്ത്രി വി.ഡി. സതീശൻ, ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല, എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എന്നിവരുടെ നിലപാടുകളായിരിക്കും അതീവ നിർണ്ണായകമാകുക. ഈ മൂന്ന് പ്രമുഖ നേതാക്കളുടെയും പിന്തുണയോടെയുള്ള ഒരു സമവായ സ്ഥാനാർത്ഥിക്കാകും ഉയർന്ന സാധ്യത നൽകപ്പെടുന്നത്. നിലവിലെ കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫ് മന്ത്രിസഭയിൽ അംഗമായതോടെയാണ് മുഴുവൻസമയ പ്രസിഡന്റിനായുള്ള ആവശ്യവും ചർച്ചകളും ശക്തി പ്രാപിച്ചത്. വർക്കിങ് പ്രസിഡന്റുമാരായ എ.പി. അനിൽകുമാർ, പി.സി. വിഷ്ണുനാഥ്, യൂത്ത് കോൺഗ്രസ് പ്രസിഡന്റ് ഒ.ജെ. ജനീഷ്, എ.ഐ.സി.സി സെക്രട്ടറിമാരായ പി.സി. വിഷ്ണുനാഥ്, റോജി എം. ജോൺ, കെ.പി.സി.സി ജനറൽ സെക്രട്ടറി കെ.എ. തുളസി തുടങ്ങിയ പ്രമുഖരെല്ലാം ഭരണതലത്തിൽ വിവിധ ഔദ്യോഗിക പദവികൾ വഹിക്കുന്നതിനാൽ 'ഒരു വ്യക്തിക്ക് ഒരു പദവി' എന്ന തത്വം പാർട്ടിക്കുള്ളിൽ കർശനമായി നടപ്പിലാക്കണമെന്ന ആവശ്യം വീണ്ടും ശക്തമായി ഉയർന്നിട്ടുണ്ട്.മന്ത്രിസ്ഥാനമോ മറ്റു ജനപ്രതിനിധി പദവികളോ ഇല്ലാത്ത മുഴുവൻസമയ നേതാവ് തന്നെ കെ.പി.സി.സി അധ്യക്ഷനായി വരണമെന്ന വികാരം ശക്തമായതോടെ എം.എം. ഹസൻ, ജോസഫ് വാഴക്കൻ തുടങ്ങിയ മുതിർന്ന നേതാക്കൾ വലിയ പ്രതീക്ഷയിലാണ്. മുൻപ് കെ.പി.സി.സി താത്കാലിക പ്രസിഡന്റായും ഐ.യു.സി.സി ഭാരവാഹിയായും പ്രവർത്തിച്ച ദീർഘകാല പരിചയസമ്പത്തുള്ള എം.എം. ഹസനെ സംഘടനയെ നയിക്കാൻ വീണ്ടും പരിഗണിക്കണമെന്ന വാദം ഒരു വിഭാഗം സജീവമായി മുന്നോട്ടുവെക്കുന്നു. പാർട്ടിയുടെ മികച്ച വക്താവും മികച്ച സംഘാടകനുമായ ജോസഫ് വാഴക്കന്റെ പേരും ആദ്യഘട്ട ചർച്ചകളിൽ തന്നെയുണ്ട്. അതേസമയം, സംഘടനാ തലത്തിൽ യുവാക്കൾക്ക് കൃത്യമായ പ്രാധാന്യം നൽകണമെന്ന തത്വവും ഹൈക്കമാൻഡിന്റെ പരിഗണനയിൽ പ്രധാനപ്പെട്ട ഒന്നാണ്. ഇതിന്റെ ഭാഗമായി നിലവിൽ എം.പി സ്ഥാനത്തുള്ള ഷാഫി പറമ്പിലിനെയും എം.എൽ.എയായ മാത്യു കുഴൽനാടനെയും കെ.പി.സി.സി അധ്യക്ഷ സ്ഥാനത്തേക്ക് ചില നേതാക്കൾ നിർദ്ദേശിക്കുന്നുണ്ട്. ചെറുപ്പക്കാരെ മുന്നിൽ നിർത്തി പാർട്ടിയെ കൂടുതൽ ജനകീയമാക്കാൻ ഇവർക്ക് സാധിക്കുമെന്നാണ് ഇവരെ അനുകൂലിക്കുന്നവരുടെ വിലയിരുത്തൽ.
സമുദായ സമവാക്യങ്ങളും ദളിത് വിഭാഗങ്ങൾക്ക് നൽകേണ്ട പ്രാതിനിധ്യവും കണക്കിലെടുത്ത് മുതിർന്ന എം.പി കൊടിക്കുന്നിൽ സുരേഷിന്റെ പേരും ശക്തമായി ഉയർന്നു കേൾക്കുന്നുണ്ട്. എ.ഐ.സി.സിക്കും കേന്ദ്ര നേതൃത്വത്തിനും ഏറെ സ്വീകാര്യനായ കൊടിക്കുന്നിലിനെ അമരത്തേക്ക് കൊണ്ടുവരണമെന്ന ആവശ്യവും ചില കേന്ദ്രങ്ങളിൽ നിന്ന് ഉയരുന്നുണ്ട്. എന്നാൽ, കെ.പി.സി.സി പ്രസിഡന്റ് സ്ഥാനത്തേക്ക് ജനപ്രതിനിധികളായ എം.പിമാരെയോ എം.എൽ.എമാരെയോ പരിഗണിക്കരുതെന്നും, മുഴുവൻ സമയവും പാർട്ടിക്ക് വേണ്ടി മാത്രമായി വിനിയോഗിക്കാൻ കഴിയുന്ന നേതാവ് വരണമെന്നുമുള്ള ശക്തമായ നിർദ്ദേശവും നിലനിൽക്കുന്നു. എന്നാൽ ജനപ്രതിനിധികളെ പദവികളിൽ നിന്ന് പൂർണ്ണമായും മാറ്റിനിർത്തേണ്ടതില്ലെന്ന അഭിപ്രായം സണ്ണി ജോസഫ് ഉൾപ്പെടെയുള്ള ചിലർ പ്രകടിപ്പിച്ചിട്ടുമുണ്ട്. ഹൈക്കമാൻഡ് നടത്തുന്ന വരുംദിവസങ്ങളിലെ ഡൽഹി ചർച്ചകൾക്ക് ശേഷമായിരിക്കും അന്തിമ പ്രഖ്യാപനം ഉണ്ടാകുക. സംസ്ഥാന നേതൃത്വത്തിന്റെ പിന്തുണയും സമുദായ-മേഖലാ സമവാക്യങ്ങളും കൃത്യമായി ഒത്തുപോകുന്ന അനുഭവസമ്പന്നനായ ഒരു നേതാവിനെ തന്നെ അധ്യക്ഷ പദവിയിൽ ഇരുത്താനാണ് കേന്ദ്ര നേതൃത്വം ശ്രമിക്കുന്നത്.
ആഷിക രാജൻ