കൊലക്കേസ്: സിപിഎം പഞ്ചായത്ത് അംഗത്തെ തെരഞ്ഞെടുപ്പ് കമ്മിഷന്‍ അയോഗ്യനാക്കി

കൊലക്കേസ്: സിപിഎം പഞ്ചായത്ത് അംഗത്തെ തെരഞ്ഞെടുപ്പ് കമ്മിഷന്‍ അയോഗ്യനാക്കി...

കൊലക്കേസ്: സിപിഎം പഞ്ചായത്ത് അംഗത്തെ തെരഞ്ഞെടുപ്പ് കമ്മിഷന്‍ അയോഗ്യനാക്കി

ബിജെപി പ്രവര്‍ത്തകനെ കൊലപ്പെടുത്തിയ കേസില്‍ ശിക്ഷ വിധിക്കപ്പെട്ട സിപിഎം പഞ്ചായത്ത് അംഗത്തെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ താല്‍ക്കാലികമായി അയോഗ്യനാക്കി. കാസര്‍കോട് കുമ്പള പഞ്ചായത്ത് 14-ാം വാര്‍ഡ് അംഗം എസ്.കൊഗ്ഗുവിനാണ്  അയോഗ്യത. സിപിഎം കുമ്പള ലോക്കല്‍ കമ്മിറ്റി അംഗമാണ് ഇദ്ദേഹം. കമ്മീഷന്റെ അന്തിമ തീരുമാനം വരുന്നത് വരെ അയോഗ്യത തുടരും. 
1998 ഒക്ടോബര്‍ ഒമ്പതിനാണ് ബിജെപി പ്രവര്‍ത്തകനായ വിനു കോയിപ്പാടിയെ കൊഗ്ഗുവും കൂട്ടാളികളും കൊലപ്പെടുത്തിയത്. കുമ്പളയിലെ തിയറ്ററില്‍ വിനു സിനിമ കണ്ടുകൊണ്ടിരിക്കെ പിന്നില്‍ നിന്നു ചുമലില്‍ കാലെടുത്തു വച്ചതിന്റെ പേരിലുണ്ടായ തര്‍ക്കം കൊലപാതകത്തില്‍ കലാശിക്കുകയായിരുന്നു. സിനിമ കഴിഞ്ഞു വീട്ടിലേക്കു പോകുന്നതിനിടെ കൊലപ്പെടുത്തിയെന്നാണു കേസ്. 2006 മാര്‍ച്ച് പത്തിന് കാസര്‍കോട് സെഷന്‍സ് കോടതി കേസില്‍ കൊഗുവിനെയും മറ്റ് മൂന്ന് സിപിഎം പ്രവര്‍ത്തകരെയും കുറ്റക്കാരെന്ന് കണ്ടെത്തി ഏഴ് വര്‍ഷം തടവ് ശിക്ഷ വിധിച്ചിരുന്നു. എന്നാല്‍ വിധിക്കെതിരെ പ്രതികള്‍ നല്‍കിയ അപ്പീല്‍ പരിഗണിച്ച കേരള ഹൈക്കോടതി സെഷന്‍സ് കോടതി ഉത്തരവ് സ്റ്റേ ചെയ്തു. 2022 ജനുവരിയില്‍ ഹൈക്കോടതി പ്രതികളുടെ ശിക്ഷ ശരിവച്ചെങ്കിലും ശിക്ഷ നാലു വര്‍ഷമായി ഇളവ് ചെയ്തു.  ഹൈക്കോടതി വിധിക്കെതിരെ കൊഗ്ഗുവും മറ്റുള്ളവരും സുപ്രീം കോടതിയെ സമീപിച്ചിരുന്നു. സുപ്രീം കോടതി അപ്പീല്‍ അംഗീകരിച്ചെങ്കിലും ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്തിട്ടില്ല. ഇതിനിടെ 2020 ഡിസംബറില്‍ കുമ്പള പഞ്ചായത്തംഗമായി കൊഗു തിരഞ്ഞെടുക്കപ്പെട്ടു. ബിജെപിയുമായി സഖ്യമുണ്ടാക്കി എന്ന ആരോപണത്തെ തുടര്‍ന്ന് ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷസ്ഥാനം കൊഗ്ഗു രാജിവെച്ചിരുന്നു. ബിജെപിയിലും ഈ സംഭവം വലിയ തര്‍ക്കങ്ങള്‍ക്ക് ഇടയാക്കിയിരുന്നു.