ഒന്നിച്ചു നിൽക്കുന്നവര്‍, കേരളത്തിന്റെ ഐക്യസന്ദേശം രാജ്യം മുഴുവനുമെത്തിക്കും; വരവേൽപ്പിന് നന്ദിയറിയിച്ച് രാഹുൽ

ഒന്നിച്ചു നിൽക്കുന്നവര്‍, കേരളത്തിന്റെ ഐക്യസന്ദേശം രാജ്യം മുഴുവനുമെത്തിക്കും; വരവേൽപ്പിന് നന്ദിയറിയിച്ച് രാഹുൽ

ഭാരത് ജോഡോ യാത്രയ്ക്ക് കേരളത്തിൽ നൽകിയ വൻ വരവേല്പിന് നന്ദി അറിയിച്ച് രാഹുൽ ഗാന്ധി.
'ഒന്നിച്ച് നിൽക്കുന്നവരാണ് കേരളീയർ. ഭിന്നിപ്പിക്കുന്നവരെ അനുവദിക്കില്ലെന്നതാണ് ഈ നാടിന്റെ പ്രത്യേകത.  പാര്‍ലമെന്റ് ജനപ്രതിനിധിയെന്ന നിലയിൽ കേരളത്തെ മനസിലാക്കാൻ തനിക്ക്  സാധിച്ചുവെന്നും രാഹുൽ വിശദീകരിച്ചു. നല്ല വിദ്യാഭ്യാസ സമ്പ്രദായം കേരളത്തിനുണ്ട്. പക്ഷെ എന്തുകൊണ്ടാണ് കേരളം മുന്നിലെത്തിയതെന്ന് ആരും ചോദിക്കുന്നില്ല. ഐക്യമാണ് കേരളത്തിന്റെ പ്രത്യേകത. ജനങ്ങളെ ഭിന്നിപ്പിക്കാൻ കേരളം അനുവദിക്കില്ല. കേരളത്തിലുള്ള ആ ഐക്യത്തിന്റെ സന്ദേശം രാജ്യം മുഴുവൻ പടർത്തുന്നതിനാണ് ഈ യാത്രയെന്നും അദ്ദേഹം വിശദീകരിച്ചു. 

രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയുടെ കേരളത്തിലെ പര്യടനത്തിന് തിരുവനന്തപുരം പാറശാലയിൽ വൻ ആൾക്കൂട്ടത്തിന്റെ അകമ്പടിയോടെയാണ് തുടക്കമായത്.  യാത്രയ്ക്കിടെ കെ റെയിൽ വിരുദ്ധ പരിസ്ഥിതി പ്രവർത്തകൻ ശ്രീധർ രാധാകൃഷ്ണനുമായി രാഹുൽ കൂടിക്കാഴ്ച നടത്തി. നാളെ  വിഴിഞ്ഞം തുറമുഖ സമരം പ്രതിനിധികളെ രാഹുൽ കാണും.  

പ്രതിപക്ഷ നേതാവ് വിഡി സതീശൻ, കെപിസിസി പ്രസിഡന്റ് കെ സുധാകരൻ, എഐസസി അധ്യക്ഷ സ്ഥാനത്തേക്ക് മത്സര സൂചനയുമായി നിൽക്കുന്ന ശശിതരൂർ, ഒപ്പം സംസ്ഥാനത്തെ പ്രധാന നേതാക്കളെല്ലാം യാത്രയിലുടനീളം ഒപ്പം നടന്നു. രാജ്യത്തെ ഒന്നിപ്പിക്കുക എന്ന മുദ്രാവാക്യത്തോട് ഒപ്പം, പാർട്ടിയിലെ ഭിന്നതകൾ ചർച്ചയാകാതിരിക്കാൻ ജാഗ്രതയോടെയാണ് നേതാക്കൾ പ്രതികരിച്ചത്. പദയാത്ര ഏറ്റവുമധികം ദിവസങ്ങൾ ചെലവഴിക്കുന്ന സംസ്ഥാനങ്ങളിലൊന്ന് കേരളമാണ്. 18 ദിവസത്തെ കേരളത്തിലെ യാത്രയിൽ ഉടനീളം മുഴുവൻ സംഘടനാ ശേഷിയും വിന്യസിക്കാനാണ് കോൺഗ്രസ് തീരുമാനം.