റോഡിലെ കുഴിയിൽ തെറിച്ചു വീണ ബൈക്ക് യാത്രികൻ മറ്റൊരു വാഹനമിടിച്ച് മരിച്ചു

റോഡിലെ കുഴിയിൽ തെറിച്ചു വീണ ബൈക്ക് യാത്രികൻ മറ്റൊരു വാഹനമിടിച്ച് മരിച്ചു

  ജോലികഴിഞ്ഞ് വീട്ടിലേക്ക് പോകവേ റോഡിലെ കുഴിയിൽ  തെറിച്ചുവീണ ബൈക്ക് യാത്രികൻ മറ്റൊരു വാഹനമിടിച്ചു മരിച്ചു. പറവൂർ മാഞ്ഞാലി മനക്കപ്പടി സ്വദേശി ഹാഷിമാണ് (52) മരിച്ചത്. ഇടിച്ച വാഹനം നിർത്താതെ പോയി.  വെള്ളിയാഴ്ച രാത്രി ഹോട്ടൽ പൂട്ടി വീട്ടിലേക്ക് മടങ്ങുമ്പോൾ 10.20 ഓടെയായിരുന്നു അപകടമുണ്ടായത്. സമീപമുള്ള കുത്തനെയുള്ള വളവിലെ ഭീമൻകുഴിയിൽ വീണ സ്കൂട്ടറിൽ നിന്ന് ഹാഷിം റോഡിലേക്ക് തെറിച്ചു വീഴുകയും ഈ സമയം പിറകിൽ വന്ന വാഹനം ദേഹത്ത് കയറിയിറങ്ങുകയായിരുന്നുവെന്നാണ് നാട്ടുകാർ പറയുന്നത്. 

വാഹനം കയറി ഇറങ്ങിയതിന്റെ ലക്ഷണങ്ങളാണ് ശരീരത്തിൽ കണ്ടതെന്നാണ് അപകടം അറിഞ്ഞ് ആദ്യം സ്ഥലത്തെത്തിയ ആൾ പറയുന്നത്. എന്നാലിക്കാര്യം പൊലീസ് സ്ഥിരീകരിച്ചിട്ടില്ല. സിസിടിവി ദൃശ്യങ്ങൾ  കണ്ടെത്തിയിട്ടില്ലെന്നും സ്ഥിരീകരിക്കാനായിട്ടില്ലെന്നുമാണ് പൊലീസ് ഭാഷ്യം. സമീപത്തെ ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങളിലു൦ വ്യക്തതയില്ലെന്നതും തിരിച്ചടിയാണ്. 

  റോഡിലെ കുഴിയിൽ പെട്ട് തെറിച്ചു വീണ് അപകടമുണ്ടായ സംഭവത്തിൽ പ്രതിഷേധം ശക്തമാണ്. ദേശീയപാത അതോറിറ്റിക്കെതിരെ കൊലകുറ്റത്തിന് കേസെടുക്കണമെന്ന് എംഎൽഎ അൻവർ സാദത്ത് ആവശ്യപ്പെട്ടു. ദേശീയപാത അതോറിറ്റിയും കോൺട്രാക്ട് കമ്പനിയു൦ തമ്മിലെ ഒത്തുകളിയാണ് നടക്കുന്നതെന്നും ഇക്കാര്യം ചർച്ച ചെയ്യാൻ മന്ത്രിതല യോഗം വിളിച്ചിട്ടു൦ ദേശീയ പാത പ്രതിനിധി എത്തിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

എറണാകുളം തൃശൂർ ദേശീയപാതയിൽ കുഴികൾ ഒറ്റപ്പെട്ട സംഭവമല്ലെന്നതാണ് യാഥാർത്ഥ്യം. കറുകുറ്റി, കരയാമ്പറമ്പ്, അത്താണി തുടങ്ങിയ ഭാഗത്താണ് വലിയ കുഴികൾ രൂപപ്പെട്ടിട്ടുള്ളത്. അപകടം നടന്ന സ്ഥലത്തെ കുഴികൾ തത്കാലത്തേക്ക് അടച്ചെങ്കിലു൦ മറ്റ് കുഴികൾ ഇപ്പോഴും അപകടകരമായ സ്ഥിതിയിൽ നിലനിൽക്കുകയാണ്.