സാമൂഹികാഘാത പഠനം തുടരാമെന്ന് എജിയുടെ നിയമോപദേശം ; സില്‍വര്‍ ലൈന്‍ ഉപേക്ഷിക്കാതെ സര്‍ക്കാര്‍
വൻ വിവാദങ്ങൾക്കും പ്രതിഷേധത്തിനും ഒടുവിൽ നിർത്തിയ കെ റെയിലിനുള്ള സാമൂഹിക ആഘാത പഠനം, തുടരാനൊരുങ്ങി സംസ്ഥാന സർക്കാർ. വിവിധ ജില്ലകളിൽ പഠനം നടത്തുന്ന ഏജൻസികളെ കൊണ്ട് പഠനം തുടരാമെന്ന് അഡ്വക്കേറ്റ് ജനറൽ റവന്യൂവകുപ്പിന് നിയമോപദേശം നൽകി. ആറ് മാസത്തിനുള്ളിൽ സാമൂഹിക ആഘാത പഠനം പൂർത്തിയാക്കണമെന്നായിരുന്നു ചട്ടം. എന്നാൽ കഴിഞ്ഞ മാസം ആറ് മാസമെന്ന കാലാവധി അവസാനിച്ചതിനാൽ പഠനം നിലച്ചപ്പോഴാണ് റവന്യൂവകുപ്പ് നിയമോപദേശം തേടിയത്. ഏജൻസികളുടെ പ്രശ്നം കൊണ്ടല്ല പഠനം പൂർത്തിയാക്കാൻ കഴിയാത്തതെന്ന് വിലയിരുത്തിയ എജി അതേ ഏജൻസികളെ കൊണ്ട് പഠനം തുടരാമെന്ന് നിയമപദേശം നൽകി. വിവിധ ജില്ലകളിൽ ജില്ലാ കളക്ടർമാർ വിവിധ ഏജൻസികളെ കൊണ്ടാണ് പഠനം നടത്തുന്നത്. നിയമോപദേശം ഉള്‍പ്പെടെ സാമൂഹിക ആഘാത പഠനം തുടരാൻ അനുമതി തേടി റവന്യൂ വകുപ്പ് മുഖ്യമന്ത്രിക്ക് ഫയൽ നൽകി.
തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് ചൂടിനിടെ മെയ് 16നായിരുന്നു കല്ലിട്ടുള്ള സർവ്വേയിൽ നിന്നും സർക്കാർ പിന്മാറിയത്. ജിപിഎസ് സർവ്വേയും ജിയോ ടാഗിംഗുമാണ് പകരം പറഞ്ഞത്. അതും ഒന്നുമായില്ല. ആകെ നടന്നത് കെ റെയിലിന്‍റെ ഓൺലൈൻ സംവാദങ്ങൾ മാത്രമാണ്. സ്ത്രീകളെയും കുട്ടികളെയും അടക്കം ബലം പ്രയോഗിച്ച് മാറ്റിയുള്ള സർവ്വേ വലിയ പ്രക്ഷോഭത്തിലേക്ക് മാറുമ്പോഴൊക്കെ പ്രതിപക്ഷവും പരിസ്ഥിതി പ്രവർത്തകരും ചോദിച്ചത് കേന്ദ്രാനുമതി കിട്ടിയിട്ട് പോരെ ഇതെല്ലാം എന്നായിരുന്നു. ഇപ്പോഴിതാ വീണ്ടും സാമൂഹിക ആഘാത പഠനം തുടരാന്‍ ഒരുങ്ങുകയാണ് സര്‍ക്കാര്‍.