വിമാനത്തിലെ പ്രതിഷേധം മുഖ്യമന്ത്രി ഇറങ്ങിയ ശേഷം:ഇ പി ജയരാജൻ
അരമണിക്കൂർ കഴിഞ്ഞപ്പോൾ വാക്കു മാറ്റി
വിമാനത്തിലെ യൂത്ത് കോൺഗ്രസ് പ്രീതിഷേധവുമായി ബന്ധപ്പെട്ട് എൽഡിഎഫ് കൺവീനർ ഇ.പി.ജയരാജൻ വിമാനം ലാൻഡ് ചെയ്തതിനു തൊട്ടുപിന്നാലെ ഏഷ്യാനെറ്റ് ചാനലിനോടു പറഞ്ഞ കാര്യങ്ങൾ സർക്കാർ വാദങ്ങളെ ദുർബലമാക്കുന്നു.
വിമാനത്തിൽനിന്ന് മുഖ്യമന്ത്രി ഇറങ്ങിയ ശേഷമാണ് പ്രതിഷേധവുമായി യൂത്ത് കോൺഗ്രസ് പ്രവർത്തകർ എഴുന്നേറ്റതെന്നായിരുന്നു ജയരാജന്റെ പ്രതികരണം. മദ്യപിച്ചു ലക്കുകെട്ട അവർക്കു നേരെ നിൽക്കാൻ പോലും കഴിയുമായിരുന്നില്ലെന്നും ജയരാജൻ ചാനലിനോടു പറഞ്ഞു. എന്നാൽ, അരമണിക്കൂറിനു ശേഷം അദ്ദേഹം നിലപാട് മാറ്റി. മുഖ്യമന്ത്രിയെ ആക്രമിക്കാൻ യൂത്ത് കോൺഗ്രസ് പ്രവർത്തകർ ശ്രമിച്ചുവെന്നു പറഞ്ഞു.
ചോദ്യങ്ങളും ഇ.പി.ജയരാജന്റെ മറുപടിയും ഇങ്ങനെ:
∙ കണ്ണൂരിൽനിന്നു പുറപ്പെടുമ്പോൾ ഇത്തരത്തിൽ പ്രതിഷേധമുണ്ടായിരുന്നോ?
എന്റെ ശ്രദ്ധയിൽപ്പെട്ടിട്ടില്ല. പിന്നീട് രണ്ട് മൂന്നു പേർ വെള്ളമടിച്ച് അങ്ങോട്ടും ഇങ്ങോട്ടും പോകുന്നതു കണ്ടിരുന്നു. സാധാരണഗതിയിൽ ഇങ്ങനെയുള്ളവരെ പ്ലെയ്നിൽത്തന്നെ കയറ്റാൻ പാടില്ല. വിമാനത്തിൽ എത്ര അന്തസ്സായി യാത്ര ചെയ്യുന്നതാണ്? മുഖ്യമന്ത്രി യാത്ര ചെയ്യുന്ന പ്ലെയ്നിൽ ഇങ്ങനെയാണോ? യാത്രക്കാരെയെല്ലാം അലോസരപ്പെടുത്തുകയാണ്.
∙ ശരിക്കും എന്താണ് വിമാനത്തിൽ സംഭവിച്ചത്?
വിമാനം ലാൻഡ് ചെയ്തു. മുഖ്യമന്ത്രി പിന്നെ ബാക്ക് സീറ്റിലാണുള്ളത്. അദ്ദേഹവും അതിനടുത്തുള്ളവരെല്ലാം ഇറങ്ങി. മുൻപിലുള്ള രണ്ടുമൂന്നു പേരാണ് പ്രതിഷേധിച്ചത്. അവർക്ക് എഴുന്നേൽക്കാൻ പോലും കഴിയുന്നില്ല. അവര് വെള്ളമടിച്ച് എന്തെല്ലോ വിളിച്ചു പറയുകയാണ്. യൂത്ത് കോൺഗ്രസ് സിന്ദാബാ എന്നു പറയുന്നതുപോലും മനസ്സിലാകുന്നില്ല. നാക്ക് കുഴയുകയാണ്.
∙ ശരിക്കും എന്താണുണ്ടായത്. ഇപി ഒന്നു പറയാമോ?
ലാൻഡ് ചെയ്തു. മുഖ്യമന്ത്രിയൊക്കെ ഇറങ്ങി വാഹനത്തിലേക്കു പോയി. ഞങ്ങൾ അതിന്റെ കുറച്ചുകൂടി മുൻപിലാണ് ഉണ്ടായിരുന്നത്. ഞങ്ങൾ എഴുന്നേറ്റ് എന്റെ ബാഗ് എടുക്കുമ്പോഴുണ്ട് മുമ്പ്ന്ന് രണ്ട് മൂന്ന് ആള് കൂടി തമ്മി പിടിച്ച് കെട്ടി മറിഞ്ഞ് ‘യൂ –ത്ത് – കോ–ൺ –ഗ്ര –സ് ... സി – ന്ദാ –– ബാ’.. പറയാൻപോലും പറ്റുന്നില്ലാന്ന്
അപ്പോ താങ്കൾ ഇവരെ പിടിച്ചു മാറ്റുകയായിരുന്നോ ഉണ്ടായത്?
ഞാൻ അവിടെ നിന്നു. ഞാൻ മധ്യത്തിലായിരുന്നു ഉണ്ടായിരുന്നത്.
∙ താങ്കൾ നിൽക്കുകയായിരുന്നു. ഇവർ മുഖ്യമന്ത്രിക്ക് അടുത്തേക്ക് പോകുന്നത് തടയാൻ ?
മുഖ്യമന്ത്രി ഇറങ്ങിപ്പോയിരിക്കുന്നു. (ചിരിച്ചുകൊണ്ട്) മുഖ്യമന്ത്രി ഇറങ്ങിപ്പോയിരുന്നു. മുഖ്യമന്ത്രി അവിടെ ഇല്ല. കള്ളും കുടിച്ച് മറ്റുള്ളവരുടെ മേൽ വീഴാതിരിക്കാൻ ഞാനവിടെ നടുവിൽ നിന്നു.
ആ സമയത്ത് മറ്റു യാത്രക്കാർ പ്രശ്നമുണ്ടാക്കിയിരുന്നോ?
എല്ലാവരും ആകെ അന്തംവിട്ട് നിൽക്ക്വല്ലേ..
ഏതുതരത്തിലുള്ള അന്വേഷണമാണ് സംഭവത്തിൽ ആവശ്യപ്പെടുന്നത്?
ഞാൻ ആവശ്യപ്പെടുന്നത് ജനങ്ങൾ ഈ കോൺഗ്രസിനെക്കുറിച്ച് മനസ്സിലാക്കട്ടെ