ആ ഓര്‍മകളില്‍ ഉമ തോമസ് വിതുമ്പി; പിടിയുടെ പിന്‍ഗാമിയാകാന്‍ തൃക്കാക്കരയിലേയ്ക്ക്
ഇടുക്കി: പിടിയുടെ ഓര്‍മകള്‍ ഓടിയെത്തിയപ്പോള്‍ ഒരിക്കല്‍കൂടി ആ കണ്ണുകള്‍ നിറഞ്ഞു. തൃക്കാക്കരയില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി തെരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെ പി ടി തോമസിന്റെ ജന്മനാട്ടിലെത്തിയതായിരുന്നു ഉമ തോമസ്. പി ടി തോമസിന്റെ ചിതാഭസ്മം അടക്കം ചെയ്ത കല്ലറയില്‍ എത്തി അനുഗ്രഹം തേടി കണ്ണുകളടച്ച് പ്രാര്‍ത്ഥിക്കുന്നതിനിടയിലാണ് പി ടി തോമസിന്റെ മരണമില്ലാത്ത ഓര്‍മകളിലേയ്ക്ക് ഉമ മടങ്ങിയത്.
ചുറ്റുംകൂടി നിന്നവരുടെയും കണ്ണുകള്‍ ഈറനണിഞ്ഞു. നേരത്തെയും ആള്‍ക്കുട്ടത്തിന് നടുവില്‍ ഉമ വന്നിട്ടുണ്ട്. പക്ഷേ അപ്പോഴേല്ലം ശ്രദ്ധകേന്ദ്രം നേതാവ് പിടി തോമസായിരുന്നു. എന്നാല്‍ ഇന്ന് ആള്‍ക്കുട്ടത്തിനിടയില്‍ ഉമയ്ക്ക് കൂട്ട് പിടിയുടെ മധുരമുള്ള ഓര്‍മകളുണ്ട്. ഇനി തൃക്കാക്കരയിലേ തെരഞ്ഞെടുപ്പ് ചൂടിലേയ്ക്ക് മടങ്ങുകയാണ്. പിടിയെ നെഞ്ചിലേയറ്റിയ നാടിന്റെ കാവല്‍ക്കാരിയാകുവാന്‍.