അഗ്നിപഥ് പദ്ധതി അക്രമം; സ്വകാര്യ പരിശീലനകേന്ദ്ര നടത്തിപ്പുകാർ നിരീക്ഷണത്തിൽ;
ആസൂത്രകൻ പിടിയിൽ
അഗ്നിപഥ് പദ്ധതിക്കെതിരെയുള്ള പ്രതിഷേധത്തിൽ സെക്കന്ദരാബാദിലെ അക്രമങ്ങളുടെ സൂത്രധാരൻ എന്ന് സംശയിക്കുന്നയാള്‍ പിടിയില്‍. സ്വകാര്യ സൈനിക ഉദ്യോഗാര്‍ഥി പരിശീലനകേന്ദ്രത്തിന്‍റെ (ഡിഫൻസ് അക്കാദമി) നടത്തിപ്പുകാരനെയാണ് കസ്റ്റഡിയിലെടുത്തത്. പരിശീലനകേന്ദ്രം ഡയറക്ടറായ ആന്ധ്രാ പ്രദേശിൽനിന്നുള്ള സുബ്ബ റാവുവിനെ ചോദ്യം ചെയ്യലിനായി പൊലീസ് വിളിച്ചുവരുത്തിയിരുന്നു
വാട്സാപ് ഗ്രൂപ്പുകൾ വഴി യുവാക്കളെ പ്രകോപിപ്പിച്ച് സംഘടിപ്പിച്ചവരെന്നു ചില പരിശീലന കേന്ദ്രങ്ങളുടെ ഡയറക്ടർമാരുടെ നേർക്ക് സംശയമുന നീളുന്നുമുണ്ട്. ഹക്കിംപേട്ട് ആർമി സോൾജ്യേഴ്സ്, സെക്കന്ദരാബാദ് റെയിൽവേ സ്റ്റേഷൻ ബ്ലോക്ക്സ്, 17/6 എന്നീ വാട്സാപ് ഗ്രൂപ്പുകൾ വഴിയാണ് യുവാക്കൾക്കുള്ള സന്ദേശം പോയത്. പ്രതിഷേധത്തിന് റെയിൽവേ സ്റ്റേഷനിലേക്ക് എത്താൻ യുവാക്കൾക്ക് നിർദേശം നൽകിയത് ഇതുവഴിയാണെന്നും പൊലീസ് പറയുന്നു.
വെള്ളിയാഴ്ച രാവിലെ അഗ്നിപഥിനെതിരെ പ്രതിഷേധിച്ച് 1000ൽ പരം യുവാക്കൾ സെക്കന്ദരാബാദ് റെയിൽവേ സ്റ്റേഷനിലേക്ക് അതിക്രമിച്ചുകടക്കുകയായിരുന്നു. ട്രെയിനിന്റെ കോച്ചുകൾ കത്തിച്ചും പാർസൽ സാധനങ്ങൾക്കു കേടുപാടു വരുത്തിയും സ്റ്റാളുകളിൽ കൊള്ള നടത്തിയും വലിയ നാശനഷ്ടങ്ങളാണ് അക്രമികൾ വരുത്തിവച്ചത്.
പൊലീസ് നടത്തിയ വെടിവയ്പില്‍ ഒരാള്‍ കൊല്ലപ്പെട്ടിരുന്നു.