മിഴി തുറക്കാനാവാതെ ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് ക്യാമറകൾ: ചുവപ്പ് നാടയിൽ തുരുമ്പരിച്ച് കോടികൾ

മിഴി തുറക്കാനാവാതെ   ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് ക്യാമറകൾ: ചുവപ്പ് നാടയിൽ തുരുമ്പരിച്ച് കോടികൾ

സംസ്ഥാനത്ത് 726 ഇടങ്ങളിലായി  235 കോടി രൂപ ചെലവിട്ട്  ആര്‍ട്ടിഫിഷ്യൽ ഇന്റലിജൻസ് ക്യാമറകൾ ഗതാഗതവകുപ്പ് സ്ഥാപിച്ചത്. എന്നാൽ ഈ ക്യാമറകൾ എപ്പോൾ മുതൽ പ്രവർത്തിച്ചു തുടങ്ങുമെന്ന് ചോദിച്ചാൽ ഗതാഗതവകുപ്പിന് ഉത്തരമില്ല. 
ട്രാഫിക് നിയമലംഘനങ്ങള്‍ കൈയോടെ പിടികൂടാൻ ആണ് ഗതാഗതവകുപ്പ് ഇത്രയും തുക ചെലവാക്കി ക്യാമറകൾ സ്ഥാപിച്ചത്.എന്നാൽ അതിന്റെ  പ്രവർത്തനം അനിശ്ചിതത്വത്തിൽ ആയിരിക്കുകയാണ് ഇപ്പോൾ. കെൽട്രോണുമായി ഗതാഗത വകുപ്പുണ്ടാക്കിയ കരാറിൽ സുതാര്യതയില്ലെന്ന് പറഞ്ഞ് ചീഫ് സെക്രട്ടറി ഫയൽ പിടിച്ചുവെച്ചു. ഏപ്രിൽ മാസം മുതൽ ക്യാമറകൾ പ്രവര്‍ത്തന സജ്ജമായിരുന്നെങ്കിലും ഉദ്ഘാടനം നടത്താനോ ക്യാമറകൾ പ്രവര്‍ത്തിപ്പിച്ച് തുടങ്ങാനോ ഗതാഗത വകുപ്പിന് ഇത് വരെ കഴിഞ്ഞിട്ടില്ല.

ക്യാമറ സ്ഥാപിക്കാൻ കെൽട്രോൺ കൊടുത്ത ഉപകരാറിനെ ചൊല്ലിയാണ് ഒരു തര്‍ക്കം. മൂന്നാം കക്ഷിയെ കൂടി ചേര്‍ത്തെഴുതിയാലേ കരാര്‍ നിലനിൽക്കു എന്ന് ചീഫ് സെക്രട്ടറി ഫയലിലെഴുതി. റോഡ് സേഫ്റ്റി ഫണ്ടിൽ നിന്നും തിരിച്ചടവ് പാടില്ലെന്നും പിഴയായി കിട്ടുന്ന പണത്തിൽ നിന്നും കെൽട്രോണിന് പണം തിരികെ നൽകണമെന്നുമാണ് മറ്റൊരു കുറിപ്പ്. ചീഫ് സെക്രട്ടറിയുടെ സംശയങ്ങള്‍ ധനവകുപ്പും ശരിവച്ചതോടെ ഗതാഗത വകുപ്പും വെട്ടിലായിരിക്കയാണ്.