ദേശവിരുദ്ധ പ്രവർത്തനത്തിൽ മുഖ്യമന്ത്രിക്കും പങ്ക്: സ്വപ്ന സുരേഷ്

ജീവന് ഭീക്ഷണിയുണ്ട്‌

ദേശവിരുദ്ധ പ്രവർത്തനത്തിൽ മുഖ്യമന്ത്രിക്കും  പങ്ക്: സ്വപ്ന സുരേഷ്

മുഖ്യമന്ത്രി പിണറായി വിജയൻ, അദ്ദേഹത്തിന്റെ ഭാര്യ കമല, മകൾ വീണ, മുൻ മന്ത്രി കെ.ടി.ജലീൽ, മുൻ സ്പീക്കർ പി.ശ്രീരാമകൃഷ്ണൻ, നളിനി നെറ്റോ, എം. ശിവശങ്കർ എന്നിവർ കോൺസുലേറ്റിലെ വിവിധ സാമൂഹിക വിരുദ്ധ– ദേശവിരുദ്ധ പ്രവർത്തനങ്ങളിൽ പങ്കാളികളാണെന്ന് സ്വപ്ന സുരേഷ് . ഹൈക്കോടതിയില്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യഹര്‍ജിയിലാണ് സ്വപ്‌ന സുരേഷ് ഇക്കാര്യം ചൂണ്ടിക്കാട്ടിയിരിക്കുന്നത്. കേന്ദ്ര ഏജന്‍സികളോട് ഇക്കാര്യങ്ങള്‍ വെളിപ്പെടുത്താതിരിക്കാന്‍ കടുത്ത സമ്മര്‍ദമുണ്ടായെന്നും സ്വപ്‌ന പറയുന്നു. പൊലീസില്‍നിന്ന് ജീവനു ഭീഷണിയുണ്ട്. തന്റെ രഹസ്യമൊഴിയില്‍ തുടര്‍നടപടിയെടുക്കാതെ കസ്റ്റംസ് പൂഴ്ത്തിയെന്നും സ്വപ്‌ന ആരോപിച്ചു കോൺസുലേറ്റ് ജനറലുമായി ചേർന്ന് തന്നെയും സരിത്തിനെയും അവർ ഉപയോഗപ്പെടുത്തുകയായിരുന്നെന്നും സ്വപ്ന പറയുന്നു. പത്തനംതിട്ട ജില്ലയിലുള്ള സംഘടനയുടെ ഡയറക്ടർ ഷാജി കിരൺ എന്നയാൾ മുഖ്യമന്ത്രിയ്ക്കു വേണ്ടി തന്നെ കാണാനായി വന്നുവെന്നും മുഖ്യമന്ത്രിയെ കണ്ട് ഒത്തു തീർപ്പിനു വഴങ്ങണം എന്ന് ആവശ്യപ്പെട്ടതായും സ്വപ്ന പറയുന്നു. ഇന്നലെ ഉച്ചയ്ക്ക് 1.30നാണ് ഷാജി കിരൺ കാണാൻ വന്നത്. താൻ കഴിഞ്ഞ ദിവസം കൊടുത്ത രഹസ്യ മൊഴിയിൽ നിന്ന് പിൻമാറണമെന്നും അഭിഭാഷകന്റെ സമ്മർദത്തിലാണു നൽകിയതെന്നു പറയണം എന്നും ആവശ്യപ്പെട്ടു. ഒത്തു തീർപ്പിനു തയാറാകാത്ത പക്ഷം കുടുതൽ വകുപ്പുകൾ ചുമത്തി ദീർഘ കാലം ജയിലിലടയ്ക്കുമെന്നും സരിത്തിനെയും കേസിൽ കുടുക്കുമെന്നും ഭീഷണിപ്പെടുത്തി. ഷാജി കിരണിന് മുഖ്യമന്ത്രി, കോടിയേരി ബാലകൃഷ്ണൻ എന്നിവരുമായും അടുത്ത ബന്ധമുണ്ട്. ഇവരുടെ വിദേശ നിക്ഷേപം കൈകാര്യം ചെയ്യുന്നത് ഇയാളാണ്. നേരത്തെ ശിവശങ്കറാണ് ഷാജി കിരണിനെ തനിക്കു പരിചയപ്പെടുത്തി നൽകിയതെന്നും സ്വപ്ന ഹർജിയിൽ പറയുന്നു. സ്വർണക്കടത്തു കേസും മറ്റു രണ്ടു കേസുമായി ബന്ധപ്പെട്ട് താനും സരിത്തും ജുഡീഷ്യൽ കസ്റ്റഡിയിൽ ആയിരുന്നപ്പോൾ ഈ വിഷയങ്ങൾ പുറത്തുവരാതിരിക്കാൻ തങ്ങൾക്കു മേൽ കടുത്ത സമ്മർദം ചെലുത്തി. പൊലീസിൽനിന്ന് ജീവന് ഭീഷണിയുണ്ടായി. സമ്മർദം രൂക്ഷമായ സാഹചര്യത്തിൽ ഈ വ്യക്തികളുടെ ദേശവിരുദ്ധ പ്രവർത്തനങ്ങളെ കുറിച്ച് കസ്റ്റംസ് വഴി മജിസ്ട്രേറ്റിന് രഹസ്യമൊഴി നൽകി. എന്നാൽ കസ്റ്റംസ് യാതൊരു അന്വേഷണവും നടത്താതെ ഇത് ഒതുക്കിത്തീർക്കുകയാണ് ചെയ്തത്. എൻഐഎ പിടിച്ചെടുത്ത മൊബൈൽ ഫോണിലും ലാപ്ടോപ്പിലും ഇതു സംബന്ധിച്ച വിവരങ്ങളും തെളിവുകളുമുണ്ടെന്നും മജിസ്ട്രേറ്റിനെ അറിയിച്ചതായും സ്വപ്ന പറയുന്നു.