നല്ല ഒന്നാന്തരം കോണ്‍ഗ്രസ് പാരമ്പര്യമുള്ള സിനിമാക്കാരന്‍; ആന്റോ ജോസഫിന് കൈയടി

നല്ല ഒന്നാന്തരം കോണ്‍ഗ്രസ് പാരമ്പര്യമുള്ള സിനിമാക്കാരന്‍; ആന്റോ ജോസഫിന് കൈയടി

കോണ്‍ഗ്രസ് അനുകൂല നിലപാടുകളുടെ പേരില്‍ ആന്റോ ജോസഫിനെ പുകഴ്ത്തി രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ഫെയ്‌സ് ബുക്ക് പോസ്റ്റ്. ആന്റോയ്ക്ക് ജന്മദിനാശംസകള്‍ നേര്‍ന്നുകൊണ്ടാണ് രാഹുല്‍ ഫെയ്‌സ്ബുക്ക് കുറിപ്പ് പങ്കുവെച്ചത്. എം.എല്‍.എ ഷാഫി പറമ്പിലിനും ആന്റോ ജോസഫിനും ഒപ്പം നില്‍ക്കുന്ന ചിത്രവും അദ്ദേഹം പോസ്റ്റ് ചെയ്തിട്ടുണ്ട്. ' സിനിമക്കാര്‍ ആയാല്‍ ഇടതുപക്ഷം ആയിരിക്കണമെന്നും, അല്ലെങ്കില്‍ 'കൂവി തോല്‍പ്പിക്കും' എന്നുമുള്ള സാംസ്‌കാരിക ഗുണ്ടായിസത്തെ കഴിഞ്ഞ പല പതിറ്റാണ്ടായി പ്രതിരോധിക്കുന്ന മനുഷ്യനാണ് ആന്റോ ജോസഫ്. ഇപ്പോഴും ആ പഴയ കോട്ടയം ജില്ല കെ.എസ്.യു കമ്മിറ്റി സെക്രട്ടറിയുടെ മനസ്സോടെ കോണ്‍ഗ്രസ്സ് പ്രസ്ഥാനത്തിന്റെ ഭാഗമായിരിക്കുന്നവന്‍. ഭരണത്തുടര്‍ച്ചയുടെ അഹങ്കാരത്തില്‍ പിണറായി സര്‍ക്കാര്‍ നില കൊള്ളുമ്പോഴും, നാളെകളില്‍ സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുണ്ടായേക്കാവുന്ന വേട്ടയാടലുകളില്‍ വ്യാകുലപ്പെടാതെ ഈ തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ പി.ടിയുടെ നിലപാടുകള്‍ ഓര്‍മ്മിപ്പിച്ച്, ഉമ തോമസ് എന്ന പഴയ കാല കെ.എസ്.യു നേതാവിന്റെ നേതൃപാടവത്തില്‍ വിശ്വാസമര്‍പ്പിച്ച് കോണ്‍ഗ്രസ്സ് പ്രത്യയ ശാസ്ത്ര പ്രസക്തിയുടെ പ്രാധാന്യമോര്‍മിപ്പിച്ച് ആര്‍ജ്ജവത്തോടെ പരസ്യ നിലപാട് സ്വീകരിച്ച സിനിമാക്കാരന്‍. പ്രിയ ആന്റോ ചേട്ടന്റെ ജന്മദിനം കൂടിയാണിന്ന്. ആന്റോ ചേട്ടനും, അദ്ദേഹത്തിന്റെ നിലപാടുകള്‍ക്കും ആശംസകള്‍, അഭിവാദ്യങ്ങള്‍'.രാഹുല്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.