ഗവര്‍ണര്‍ക്ക് പിന്നാലെ ഉടക്കുമായി സിപിഐ; പിണറായിക്ക് പുതിയ തലവേദന

ഗവര്‍ണര്‍ക്ക് പിന്നാലെ ഉടക്കുമായി സിപിഐ; പിണറായിക്ക് പുതിയ തലവേദന

തിരുവനന്തപുരം: ലോകായുക്ത നിയമ ഭേദഗതിക്കെതിരെ ഗവര്‍ണര്‍ക്ക് പിന്നാലെ എതിര്‍പ്പുമായി സിപിഐയും രംഗത്ത് വന്നു. നിയമസഭയില്‍ ബില്‍ അവതരിപ്പിക്കും മുമ്പ് ചര്‍ച്ച വേണമെന്ന് സിപിഎം നേതൃത്വത്തോട് ആവശ്യപ്പെടാന്‍ സിപിഐ തീരുമാനിച്ചു. ഗവര്‍ണ്ണര്‍ ഉയര്‍ത്തിയ പ്രതിസന്ധി തീര്‍ക്കാന്‍ സഭ വിളിച്ച സര്‍ക്കാറിന് മുന്നിലെ അടുത്ത പ്രതിസന്ധിയാണ് സിപിഐയുടെ ഉടക്ക്. ലോകായുക്ത നിയമഭേദഗതിക്കെതിരെ തുടക്കം മുതല്‍ സിപിഐ ഉയര്‍ത്തിയത് കടുത്ത എതിര്‍പ്പാണ്. മന്ത്രിസഭാ യോഗത്തില്‍ ലോകായുക്തയുടെ ചിറകരിയാനുള്ള ഓര്‍ഡിനന്‍സിനെ ആദ്യം പാര്‍ട്ടി മന്ത്രിമാര്‍ മിണ്ടാതെ അനുകൂലിച്ചു. പിന്നെ നേതൃത്വം വടിയെടുത്തോടെ എതിര്‍പ്പ് ഉന്നയിച്ചു. അസാധുവായ ലോകായുക്ത ഓര്‍ഡിനന്‍സ് അടക്കം പാസ്സാക്കാന്‍ ബില്‍ കൊണ്ട് വരാനിരിക്കെ എതിര്‍പ്പ് ആവര്‍ത്തിക്കാനാണ് സിപിഐ നീക്കം. സഭാ സമ്മേളനം വിളിക്കും മുമ്പ് ചര്‍ച്ച വേണമെന്നാണ് ആവശ്യം. നേരത്തെ ഭേദഗതിയില്‍ ഭിന്നത കടുത്തപ്പോള്‍ സമാന ആവശ്യം ഉന്നയിച്ചെങ്കിലും സിപിഎം ചര്‍ച്ചക്ക് തയ്യാറായിരുന്നില്ല.  ജനപ്രതിനിധികളെ അയോഗ്യരാക്കാനുള്ള 14 ആം വകുപ്പില്‍ ഭേദഗതി കൊണ്ടുവരാനാണ് തീരുമാനത്തിലാണ് സിപിഐക്ക് എതിര്‍പ്പ്.