എഡിജിപിമാര്‍ക്ക് സ്ഥാനക്കയറ്റം നല്‍കേണ്ടെന്ന് കേന്ദ്രം

എഡിജിപിമാര്‍ക്ക് സ്ഥാനക്കയറ്റം നല്‍കേണ്ടെന്ന് കേന്ദ്രം

തിരുവനന്തപുരം: രണ്ട് എ ഡി ജി പിമാര്‍ക്ക് സ്ഥാന കയറ്റം നല്‍കണമെന്ന സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യം കേന്ദ്രം നിരാകരിച്ചു. എ ഡി ജി പി മാരായ ആര്‍.ആനന്ദകൃഷ്ണന്‍, കെ.പത്മകുമാര്‍ എന്നിവര്‍ക്ക് ഡി ജി പിയായി സ്ഥാനക്കയറ്റം നല്‍കണമെന്ന ശുപാര്‍ശയാണ് തള്ളിയത്. സംസ്ഥാന പൊലീസ് മേധാവി അനില്‍കാന്തിന്റെ വിരമിക്കല്‍ സമയം സംസ്ഥാന സര്‍ക്കാര്‍ നീട്ടിയതോടെയാണ് സ്ഥാനകയറ്റത്തില്‍ പ്രതിസന്ധിയുണ്ടായത്. സംസ്ഥാനത്തിനായി കേന്ദ്രം അനുവദിച്ചിരിക്കുന്നത് നാല് ഡിജിപി തസ്തികളാണ്. ഇതില്‍ ഒന്ന് ക്രമസമാധാന ചുമതലയുള്ള ഡിജിപിയുടെ തസ്തികയാണ്. സംസ്ഥാന പൊലീസ് മേധാവിയായി നിയമിക്കപ്പെട്ട അനില്‍കാന്ത് കഴിഞ്ഞ ജനുവരി 31ന് വിമരിക്കേണ്ടതായിരുന്നു. പക്ഷെ അനില്‍കാന്തിന് അടുത്ത വര്‍ഷം ജൂലൈ 31വരെ സര്‍ക്കാര്‍ സമയം നീട്ടി നല്‍കി. സംസ്ഥാനത്ത് ആദ്യമായാണ് ക്രമസമാധാനചുമതലയുള്ള ഡിജിപിയുടെ വിരമിക്കല്‍ സമയം നീട്ടി നല്‍കുന്നത്. ഇതോടെയാണ് ഐപിഎസുകാരുടെ സ്ഥാനകയറ്റം തടസ്സപ്പെട്ടത്. ജനുവരി 31ന് അനില്‍കാന്ത് വിമരിച്ചിരുന്നെങ്കില്‍ എക്‌സൈസ് കമ്മീഷണറായ ആനന്ദകൃഷ്ണന് ഡിജിപിയായി സ്ഥാനകയറ്റം ലഭിക്കേണ്ടതാണ്. പക്ഷെ സംസ്ഥാന സര്‍ക്കാര്‍ അനില്‍കാന്തിന് വിരമിക്കല്‍ കാലാവധി നീട്ടിയതില്‍ ആനന്ദകൃഷ്ണന് സ്ഥാനയക്കയറ്റം ലഭിച്ചില്ല. പ്രതിസന്ധി പരഹരിക്കാന്‍ 1989 ബാച്ചിലെ എഡിജിപിമാരായ ആനന്ദകൃഷ്ണനും, കെ.പത്മകുമാറിനും പുതിയ തസ്തിക സൃഷ്ടിച്ച് സ്ഥാനകയറ്റം നല്‍കണമെന്നുള്ള ശുപാര്‍ശ പൊലീസ് മേധാവി സര്‍ക്കാരിന് നല്‍കിയത്.