'കൈ' വിട്ടാല്‍ ലീഗ് എല്‍ഡിഎഫിലുണ്ടാകുമെന്ന് ജയരാജന്‍

'കൈ' വിട്ടാല്‍ ലീഗ് എല്‍ഡിഎഫിലുണ്ടാകുമെന്ന് ജയരാജന്‍

തിരുവനന്തപുരം: കോണ്‍ഗ്രസ് ബന്ധം ഉപേക്ഷിച്ചുവന്നാല്‍ മുസ്ലീം ലീഗിനെ എല്‍ഡിഎഫില്‍ എടുക്കുന്ന കാര്യം പരിഗണിക്കുമെന്ന് പുതിയ എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍. ചുമതല ഏറ്റെടുത്തതിന് പിന്നാലെ സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ഇ പി മനസ് തുറന്നത്. എല്‍ഡിഎഫിന്റെ കവാടങ്ങള്‍ അടക്കില്ല. മുന്നണി ശക്തിപ്പെടുകയാണ്. മുന്നണി വിപുലീകരണം എല്‍ഡിഎഫ് നയമാണ്. പ്രതീക്ഷിക്കാത്ത പല പാര്‍ട്ടികളും മുന്നണിയില്‍ വന്നേക്കും. ആര്‍എസ്പി പുനര്‍ചിന്തനം നടത്തണം. യുഡിഎഫില്‍ എത്തിയ ആര്‍എസ്പി ഒന്നുമല്ലാതായി. സംസ്ഥാന നേതൃത്വത്തിന്റെ പിടിപ്പുകടാണ് ആ പാര്‍ട്ടി ഈ നിലയിലെത്താന്‍ കാരണം. അവര്‍ പുനപരിശോധന നടത്തിയാല്‍ നല്ലത്. എല്‍ഡിഎഫ് നയങ്ങള്‍ അംഗീകരിച്ച് വന്നാല്‍ പിജെ കുര്യനുമായും സഹകരിക്കും. മാണി സി കാപ്പന്‍ തിരികെ വന്നാലും സഹകരിപ്പിക്കും. എസ്ഡിപിഐ വോട്ട് വേണോ വേണ്ടയോ എന്ന് ഇപ്പോള്‍ പറയേണ്ട കാര്യമില്ല.  തെരഞ്ഞെടുപ്പ് കാലത്താണ് അതു സംബന്ധിച്ച് തീരുമാനം എടുക്കേണ്ടത്. പി.ശശിക്ക് പൊളിറ്റിക്കല്‍ സെക്രട്ടറിയാകാന്‍ ഒരു അയോഗ്യതയുമില്ല. ഏക അഭിപ്രായത്തോടെയാണ് സംസ്ഥാന സമിതി തീരുമാനമെടുത്തത്. ഒരാള്‍ക്കെതിരെ നടപടി എടുത്താല്‍ അത് ആജീവനാന്തമല്ല.  തെറ്റുകള്‍ ആവര്‍ത്തിക്കുമോ എന്ന ആശങ്കയുടെ കാര്യമില്ലെന്നും ഇ പി പറഞ്ഞു.